Connect with us

Gulf

വെള്ളവും വൈദ്യുതിയും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ദിവ

Published

|

Last Updated

ദുബൈ: വെള്ളവും വൈദ്യുതിയും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ദിവ(ദുബൈ ഇലട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) ആവശ്യപ്പെട്ടു. ഉപഭോഗം വര്‍ധിക്കുന്ന ഉച്ചക്ക് 12നും വൈകുന്നേരം ആറിനും ഇടയില്‍ ഉപഭോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉപഭോക്താക്കള്‍ തയ്യാറാവണമെന്നും ദിവ അഭ്യര്‍ഥിച്ചു. ഉപഭോഗം നിയന്ത്രിച്ചാലെ അതുവഴി പരിസ്ഥിതി സന്തുലനം നിലനിര്‍ത്താന്‍ സാധിക്കൂ. ഇത് പ്രകൃതി വിഭവങ്ങള്‍ നാളത്തെ തലമുറക്കായി കരുതാനും ഉപകരിക്കും. വൈദ്യുതി ഉപഭോഗം കുറക്കാനുള്ള ദിവയുടെ പീക്ക് ലോഡ് കാമ്പയിന്റെ ഭാഗമായാണ് അഭ്യര്‍ഥന നടത്തിയത്.
പീക്ക് ഹവറില്‍ വൈദ്യുതി കൂടിയ തോതില്‍ ആവശ്യമായ ഉപകരണങ്ങളായ ഇസ്തിപ്പെട്ടി, വാഷിംഗ് മെഷീന്‍, ഡ്രയേഴ്‌സ്, ഡിഷ് വാഷ്, വാട്ടര്‍ ഹീറ്റര്‍, ഇലട്രിക് ഓവണ്‍ തുടങ്ങിയവ പരമാവധി പ്രവര്‍ത്തിപ്പിക്കരുത്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം രാവിലെയും വൈകുന്നേരം ആറു മണിക്കു ശേഷവുമായി പരിമിതപ്പെടുത്താന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. വാണിജ്യവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നവര്‍ കൂടിയ തോതില്‍ വൈദ്യുതി ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ പരമാവധി രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്താന്‍ ശ്രമിക്കണം. ഇത് വൈദ്യുതിയും വെള്ളവും സംരക്ഷിക്കാന്‍ സഹായിക്കും. പുക പുറന്തള്ളുന്നത് കുറച്ച് അന്തരീക്ഷ മലിനീകരണവും ഇതിലുടെ കുറക്കാനാവും.
സുസ്ഥിര വികസനം സാധ്യമാവുന്ന ഒരു സമൂഹത്തെയാണ് ദിവ രൂപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നത്. 2030 ആവുമ്പോഴേക്കും വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗത്തില്‍ 30 ശതമാനം കുറവുണ്ടാക്കുകയെന്ന ദുബൈ ഇന്റഗ്രേറ്റഡ് എനര്‍ജി സ്ട്രാറ്റജിയുടെ ഭാഗം കൂടിയാണ് ഉപഭോഗം കുറക്കാനുള്ള അഭ്യര്‍ഥന. ഊര്‍ജ ഉറവിടങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള ജീവിത ശൈലിയിലേക്ക് മാറാന്‍ എല്ലാവരും പരിശ്രമിക്കണം. എന്നാലെ നിലവിലെ ആവശ്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനും ഭാവി തലമുറക്കായി വൈദ്യുതിയും വെള്ളവും സൂക്ഷിച്ചുവെക്കാനും നമുക്ക് സാധിക്കൂ.
അമുല്യമായ ഈ രണ്ടു വസ്തുക്കളും സംരക്ഷിക്കാന്‍ വിവിധ രീതിയിലുള്ള ബോധവക്കരണ പരിപാടികളാണ് ദിവ സംഘടിപ്പിച്ചു വരുന്നതെന്ന് സി ഇ ഒയുടെ എം ഡിയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്കിടയില്‍ വൈദ്യുതിയും ജലവും പരമാവധി സൂക്ഷിച്ച് ഉപയോഗിക്കാനുള്ള ഒരു ബോധം കാമ്പയിനിലൂടെ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടിലും ഓഫീസുകളിലും ഫാക്ടറികളിലുമെല്ലാം ഈ ബോധം ഓരോരുത്തര്‍ക്കും ഉണ്ടായാലെ പദ്ധതി ലക്ഷ്യത്തിലെത്തൂ. വേനല്‍ മാസങ്ങളില്‍ ഉച്ചക്ക് 12നും വൈകുന്നേരം ആറിനും ഇടയിലാണ് ജലവൈദ്യുതി ഉപഭോഗം പാരമ്യത്തിലെത്തുന്നത്. കാമ്പയിന്റെ ഭാഗമായി എങ്ങിനെ ഇവയുടെ ഉപഭോഗം പരമാവധി കുറച്ചു കൊണ്ടുവരാമെന്നു ഉപഭോക്താക്കളെ ബോധ്യപ്പെടുത്തും. ഉപഭോഗം കുറക്കാന്‍ സാധിക്കുന്നതോടെ ആഗോള താപനത്തിന്റെ ദൂഷ്യങ്ങളും കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ തായര്‍ പറഞ്ഞു.

 

Latest