Connect with us

Editorial

ഇറാഖിലെ നേതൃമാറ്റം

Published

|

Last Updated

ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ജനതയും ഭൂവിഭാഗവും രാഷ്ട്രീയ അതിര്‍ത്തികളും സാംസ്‌കാരികവും ചരിത്രപരവുമായ പാരമ്പര്യവും എല്ലാം അനിവാര്യമാണ്. എന്നാല്‍ രാഷ്ട്രത്തിന്റെ ആത്മാവ് അതിന്റെ പരമാധികാരമാണ്. ജനതയുടെ സ്വയംനിര്‍ണായാവകാശമാണ് അതിന്റെ കാതല്‍. ശാക്തിക ചേരികളും അന്താരാഷ്ട്ര സംവിധാനങ്ങളും പല നിലയില്‍ രാഷ്ട്രങ്ങളുടെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്നുണ്ട്. ചിലപ്പോള്‍ അവ വളഞ്ഞ വഴികളിലൂടെയാകാം. ചിലപ്പോള്‍ നഗ്നമായ ഏറ്റെടുക്കലുകള്‍ നടക്കുന്നു. ശരിയായ കോളനിവത്കരണം. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പുറത്ത് നിന്ന്. പരിഹാരവും പുറത്തു നിന്ന്. ഒന്നിലും സ്വന്തം ജനതക്ക് ഒരു പങ്കാളിത്തവുമില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഇറാഖിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ ക്രൂരമായ ഇടപെടലിന്റെ സ്വഭാവവും വ്യാപ്തിയും ബോധ്യമാകും. ഏറ്റവും ഒടുവില്‍ സര്‍ക്കാറിനെയും സൈന്യത്തെയും നിസ്സഹായരാക്കി ഇസില്‍ സായുധ സംഘം രാജ്യത്തിന്റെ നല്ലൊരു ഭാഗത്ത് അവരുടെ സ്വാധീനം ഉറപ്പിച്ചിരിക്കുന്നു. അതിനെ നേരിടാനെന്ന പേരില്‍ ഒരിക്കല്‍ കൂടി അമേരിക്കയും കൂട്ടാളികളും സര്‍വസജ്ജരായി ഇറാഖിലെത്തിയിരിക്കുന്നു.
ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയിലേക്കാണ് ഭരണ നേതൃത്വം മാറുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചു നില്‍ക്കുന്ന നൂരി അല്‍ മാലിക്കിയെ മാറ്റി പാര്‍ലിമെന്റ്‌ഡെപ്യൂട്ടി സ്പീക്കറും പ്രമുഖ ശിയാ നേതാവുമായ ഹൈദര്‍ അല്‍ അബാദിയെ അവരോധിച്ചിരിക്കുകയാണ്. സര്‍ക്കാറുണ്ടാക്കാന്‍ നിയമപരമായി മുപ്പത് ദിവസത്തെ സാവകാശമുണ്ട്. ഇതിനിടക്ക് പാര്‍ലിമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ നീക്കുപോക്കുകള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. നേതൃമാറ്റത്തിന് ഇറാന്‍, സഊദി, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിക്കും വംശീയ വിഭജനം രൂക്ഷമായതിനും കാരണം നൂരി അല്‍ മാലിക്കിയുടെ നയവൈകല്യങ്ങളാണെന്ന വിലയിരുത്തലിലാണ് ഈ രാജ്യങ്ങളെല്ലാം എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ നൂരി മാലിക്കി സ്വയം ഈ പാപഭാരം ഏല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. താന്‍ നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം വാദിച്ചു. ശിയാ ആത്മീയ നേതാവായ അലി സിസ്താനിയുടെ വാക്കുകള്‍ പോലും അദ്ദേഹം ചെവിക്കൊണ്ടില്ല. കോടതി പറയാതെ അധികാരം വിട്ടൊഴിയില്ലെന്ന് അദ്ദേഹം ശഠിച്ചു. അധികാര കൈമാറ്റത്തിനായുള്ള അമേരിക്കയുടെ ഉത്തരവ് അവഗണിക്കന്‍ നൂരി ശ്രമിച്ചതോടെ തന്നെ അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരുന്നു. ഇത് തിരച്ചറിഞ്ഞിട്ടും എട്ട് വര്‍ഷമായി അനുഭവിക്കുന്ന അധികാരം തുടര്‍ന്നും നുണയാനുള്ള വഴികള്‍ അദ്ദേഹം തേടിക്കൊണ്ടിരുന്നു. സൈന്യത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചു. ശിയാ ഗ്രൂപ്പുകളെ കൂടെനിര്‍ത്താനും വിഫല ശ്രമം നടന്നു. പക്ഷേ അമേരിക്കയില്ലാത്തിടത്ത് ആരുമില്ലാത്ത സ്ഥിതിയാണ് ഇറാഖില്‍. അതുകൊണ്ട് ഒടുവില്‍ അദ്ദേഹം മര്യാദക്കാരനായി. പുതിയ പ്രധാനമന്ത്രിയെ പിന്തുണച്ചു കൊള്ളാമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം.
സുന്നീ വംശീയ വിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ തങ്ങള്‍ പിന്തുണക്കാമെന്ന് അല്‍ അബാദിക്ക് സുന്നീ ബ്ലോക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കുര്‍ദ് വിഭാഗങ്ങളും സഹകരിച്ചേക്കാം. അങ്ങനെയെങ്കില്‍ പാര്‍ലിമെന്റിലെ പരീക്ഷ ഹൈദര്‍ അല്‍ അബാദി എളുപ്പത്തില്‍ വിജയിക്കും. പക്ഷേ അത്യന്തം സങ്കീര്‍ണമായ തന്റെ രാജ്യത്തെ മുന്നോട്ട് നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഫലപ്രദമായി നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്നതാണ് യഥാര്‍ഥ പരീക്ഷ. അതില്‍ അദ്ദേഹത്തിന് എത്ര സ്‌കോര്‍ ലഭിക്കുമെന്ന് വിലയിരുത്തണമെങ്കില്‍ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം അന്വേഷിക്കേണ്ടി വരും. എണ്ണസമ്പന്നമായ ഇറാഖിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ കരുനീക്കങ്ങളാണ് ഈ രാഷ്ട്രത്തെ ഈ നിലയിലെത്തിച്ചത്. അതിനവര്‍ വംശീയതയെ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. നൂരി അല്‍ മാലിക്കി ഈ ചതുരംഗത്തിലെ ഒരു കരു മാത്രമായിരുന്നു. അദ്ദേഹത്തെ വാഴിച്ചത് അമേരിക്കയാണ്. ശിയാപ്രീണനത്തിനും സുന്നീ വിവേചനത്തിനും അദ്ദേഹത്തിന് ശക്തി പകര്‍ന്നതും അവര്‍ തന്നെ. ഇപ്പോള്‍ എല്ലാ പഴികളും അദ്ദേഹത്തിന്റെ മേല്‍ അടിച്ച് പെരുവഴിയിലേക്ക് തള്ളുന്നതും അമേരിക്ക തന്നെ. ഇന്നത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തില്‍ നല്ലൊരു പങ്ക് നൂരി അല്‍ മാലിക്കിക്ക് ഉണ്ടെന്നത് സത്യം. പക്ഷേ അതുകൊണ്ട് അമേരിക്കന്‍ കുതന്ത്രങ്ങളുടെ ചരിത്രവും വര്‍ത്തമാനവും മറച്ചു വെക്കാനാകില്ല.
സത്യത്തില്‍ മാലിക്കിയുടെ പുറത്തേക്കുള്ള വഴി സുരക്ഷിതമാക്കി ഹൈദര്‍ അല്‍ അബാദിയെ കൊണ്ടുവരുമ്പോള്‍ ചരിത്രത്തിന്റെ അസഹനീയമായ ആവര്‍ത്തനമാണ് അരങ്ങേറുന്നത്. മാലിക്കിയുടെ ദഅ്‌വാ പാര്‍ട്ടിയിലെ അംഗമാണ് അബാദി. ശിയാ നേതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. അമേരിക്കയുടെ അഭീഷ്ടമാണ് അദ്ദേഹത്തിലൂടെ പ്രാവര്‍ത്തികമായിരിക്കുന്നത്. അപ്പോള്‍ എവിടെയാണ് മാലിക്കിയും അബാദിയും വ്യത്യാസപ്പെടുന്നത്? ഇറാഖിലെ പ്രതിസന്ധിക്കുള്ള ഒറ്റമൂലിയായി ഈ നേതൃമാറ്റം പരിണമിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും? പക്ഷേ. ഒന്നുണ്ട്. ചില വ്യക്തികളുടെ അപാരമായ കഴിവുകളുടെ പിന്‍ബലത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിച്ചത് ചരിത്രത്തിലുടനീളം കാണാനാകും. സ്വന്തം ജനതയുടെ അഭിവാഞ്ഛകള്‍ തിരിച്ചറിയാനും പുറത്തു നിന്നുള്ള ആജ്ഞകളെ തന്ത്രപൂര്‍വം മറികടക്കാനും ബന്ധുബലം വിശാലമാക്കാനും വംശീയ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട് എല്ലാവരെയും ദേശീയധാരയില്‍ ലയിപ്പിക്കാനും ഹൈദര്‍ അല്‍ അബാദിക്ക് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും വലിയ മാറ്റങ്ങള്‍ സാധ്യമാകും. അതിന് ആദ്യം വേണ്ടത് കെട്ടുറപ്പുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഐക്യ സര്‍ക്കാറുണ്ടാക്കുകയാണ്. അതാണ് ആദ്യ കടമ്പ.

Latest