Connect with us

Wayanad

ഐ എന്‍ ടി യു സി ജില്ലാ കണ്‍വെന്‍ഷന്‍ 19ന് കല്‍പ്പറ്റയില്‍

Published

|

Last Updated

കല്‍പ്പറ്റ: ഐ എന്‍ ടി യു സി ജില്ലാ കണ്‍വെന്‍ഷന്‍ 19ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് പി കെ ഗോപാലന്‍, ജില്ലാപ്രസിഡന്റ് പി പി ആലി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മന്ത്രി പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എം പി, ഐ എന്‍ ടി യു സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി കെ ഗോപാലന്‍, ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കോണ്‍ഗ്രസ്, ഐ എന്‍ ടി യു സി സംസ്ഥാന ജില്ലാനേതാക്കള്‍ കണ്‍വെന്‍ഷനില്‍ നടക്കും. ഭരിക്കുന്ന പാര്‍ട്ടി ഏതെന്ന് നോക്കാതെ എല്ലാ കാലത്തും തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കും ആവകാശങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കും വേണ്ടി ശക്തമായ പോരാട്ടം നടത്താറുള്ള ഐ എന്‍ ടി യു സി തുടര്‍ന്നും തൊഴിലാളിപക്ഷത്ത് നിന്നുകൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്. തോട്ടം മേഖലയില്‍ ചായത്തോട്ടങ്ങളിലെ സ്വന്തമായ താമസസൗകര്യം ഇല്ലാത്ത തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി അനുസരിച്ചുള്ള താമസസൗകര്യത്തിനായി തോട്ടം മാനേജ്‌മെന്റ് സ്ഥലം സൗജന്യമായി കൊടുക്കേണ്ടതുണ്ട്. സ്ഥലം നല്‍കാന്‍ പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. കൂടാതെ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാവുന്ന തരത്തില്‍ നികുതിയടക്കലിലും മറ്റുമുള്ള അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ബസ് ജീവനക്കാരുടെ സേവന വേതവ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ബസുടമകള്‍ തയ്യാറാകാത്തതിനാല്‍ ആഗസ്റ്റ് 20 മുതല്‍ ബസ് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കല്ലി, മണല്‍ എന്നിവയുടെ ദൗര്‍ലഭ്യം മൂലം നിര്‍മ്മാണമേഖലയും സ്തംഭിച്ചിരിക്കുകയാണ്. മരങ്ങള്‍ മുറിക്കാന്‍ സാധിക്കാത്തതിനാല്‍ മരത്തിന്റെ ലഭ്യതയെയും ബാധിക്കുന്നു. തൊഴിലുറപ്പ് മേഖലയില്‍ പദ്ധതിയുടെ പേരും രൂപവും മാറ്റിക്കൊണ്ട് അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി തൊഴിലാളികള്‍, മറ്റ് അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ എന്നിവരെല്ലാം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരസാധ്യത ആരായുന്നതാണ്. പത്രസമ്മേളനത്തില്‍ മലയോര വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍, കെ വി പോക്കര്‍ഹാജി, പി കെ കുഞ്ഞിമൊയ്തീന്‍, സി ജയപ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.