Connect with us

Palakkad

നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് രാജി വെച്ചു

Published

|

Last Updated

പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍മാന്‍ എ അബ്ദുല്‍ ഖുദ്ദൂസ് തല്‍സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് ഐ വിഭാഗത്തില്‍ നിന്നുള്ള ഡി സി സി സെക്രട്ടറി പി വി രാജേഷാകും പുതിയ ചെയര്‍മാന്‍. ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും അബ്ദുല്‍ ഖുദ്ദൂസ് തല്‍സ്ഥാനത്ത് തുടരുകയായിരുന്നു.
പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാജി. 2011 മാര്‍ച്ച് 28 നാണ് കോണ്‍ഗ്രസിലെ എ അബ്ദുല്‍ ഖുദ്ദൂസ് നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിംലീഗിലെ എം സഹീദ വൈസ് ചെയര്‍പേഴ്‌സണുമായി.
ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം കാരണം എ അബ്ദുല്‍ ഖുദ്ദൂസിനെതിരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യൂ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നിരുന്നു. സ്വതന്ത്രാംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നതിനാല്‍ ക്വാറം തികയാതെ പ്രമേയം തള്ളുകയായിരുന്നു.
ക്വാറം തികയാന്‍ 26 അംഗങ്ങള്‍ വേണമെന്നിരിക്കേ 22 പേരാണ് അന്ന് യോഗത്തിനെത്തിയത്. ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ എ അബ്ദുല്‍ ഖുദ്ദൂസിനോട് കോണ്‍ഗ്രസില്‍ നിന്ന് നിരവധി തവണ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും രാജിവെക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
കോണ്‍ഗ്രസിലെ ധാരണപ്രകാരം ആറുമാസം മുമ്പ് ഖുദ്ദൂസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ തനിക്കെതിരെ അഴിമതികേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അത് തീര്‍പ്പായശേഷം രാജിവെക്കാമെന്നായിരുന്നു ഖുദ്ദൂസിന്റെ നിലപാട്. ഖുദ്ദൂസിനെതിരെ എതിര്‍ ഗ്രൂപ്പ് നല്‍കിയിട്ടുള്ള പരാതികള്‍ പിന്‍വലിക്കുകയും പാര്‍ട്ടിവിപ്പ് ലംഘിച്ചുവെന്നു പറഞ്ഞ് ഡി സി സി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ നിന്നും പിന്മാറാന്‍ തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ താന്‍ രാജിക്കൊരുക്കമാണെന്ന് ഖുദ്ദൂസ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന നടന്ന ചര്‍ച്ചക്കൊടുവിലാണ് ചെയര്‍മാന്‍ സ്ഥാനം രാജിവക്കാന്‍ അബ്ദുല്‍ ഖുദ്ദൂസ് തീരുമാനിച്ചത്.
പുതിയ ചെയര്‍മാനാകുന്ന പി വി രാജേഷ് പാലക്കാട് നഗരസഭയിലെ പത്താം വാര്‍ഡ് കല്ലേപ്പുള്ളിയില്‍ നിന്നാണ് വിജയിച്ചത്. 52 അംഗ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് 20 ഉം ബി ജെ പിക്ക് 15 ഉം സി പി എമ്മിന് എട്ടും ലീഗിന് നാലും സ്വതന്ത്രാംഗങ്ങളായി അഞ്ചുപേരുമാണുള്ളത്.
പിന്നീട് സ്വതന്ത്രാംഗങ്ങളില്‍ രണ്ട് പേര്‍ മുസ്ലിം ലീഗിലും ഒരാള്‍ കോണ്‍ഗ്രസിലും ഒരാള്‍ സി പി എമ്മിനോട് അനുഭാവം പുലര്‍ത്തിയും മറ്റൊരാള്‍ കോണ്‍ഗ്രസിനോട് അനു”ാവം പുലര്‍ത്തിയുമാണ് നിലക്കൊള്ളുന്നത്.
ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് സ്വതന്ത്രാംഗങ്ങളുടെ കൂടി പിന്തുണയോടെ 27 അംഗ പിന്‍ബലത്തോടെ വിജയിക്കാമെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍.

 

---- facebook comment plugin here -----

Latest