രാമചന്ദ്രന്‍ നായരുടെ നിര്യാണത്തോടെ നഷ്ടമായത് വള്ളുവനാട്ടിലെ മേളപ്രമാണിയെ

Posted on: August 15, 2014 1:41 pm | Last updated: August 15, 2014 at 1:41 pm

പട്ടാമ്പി: മുളയന്‍കാവ് വടക്കേവെളുത്തേടത്ത് രാമചന്ദ്രന്‍ നായര്‍ (67) ടെ നിര്യാണത്തോടെ നഷ്ടമായത് വള്ളുവനാട്ടിലെ മേളപ്രമാണിയെ. വല്ലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം.
സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ നടത്തി. 1974 ജൂലൈയില്‍ പരേതരായ ഗോപാലന്‍നായരുടെയും നാരായണി അമ്മയുടെയും മകനായി മുളയന്‍കാവ് വടക്കേവെളുത്തേടത്ത് തറവാട്ടില്‍ ജനിച്ചു. മുളയംകാവ് യുപി സ്‌കൂവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കി പ്രസിദ്ധ വാദ്യക്കാരനായിരുന്ന കൊട്ടിലിങ്ങല്‍ മാധവനാശാന്റെ കീഴില്‍ തായമ്പകയും മേളവും പഠിച്ചു.
13ാം വയസ്സില്‍ മുളയന്‍കാവ് സുബ്രഹ്മണ്യകോവിലില്‍ വെച്ച് തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു. കോട്ടപ്പടി അപ്പുആശാന്റ കീഴില്‍ കേളി അഭ്യസം പൂര്‍ത്തിയാക്കി. പുതുശ്ശേരി ശിവരാമന്‍ ആശാന്റ ശിക്ഷണത്തിലായിരുന്നു മദ്ദളം, തിമില എന്നിവ പഠിച്ചത്.
പ്രസിദ്ദമായ നെന്മാറ, വല്ലങ്ങി, ചിനക്കത്തൂര്‍, വൈക്കം, ഏറ്റുമാനൂര്‍, എറണാകുളം, തിരുവങ്ങാട്, ചെറുകുന്ന്, മുളയംകാവ്, പാലൂര്‍ തുടങ്ങിയ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പുറമെ മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ഗുജറാത്ത് അന്യസംസ്ഥാന ക്ഷേത്രോത്സവങ്ങളിലും വാദ്യകല അവതരിപ്പിച്ചിട്ടുണ്ട്.
ഏത് മേളക്കാരനെയും പിന്തുണര്‍ന്ന് കൊട്ടിക്കയറാനുള്ള വാദ്യശേഷി നേടിയ ഈ കലാകാരന്‍ നിരവധി ശിഷ്യസമ്പത്തിന്റ ഉടമയാണ്. മുളയംകാവ് ഭഗവതി ക്ഷേത്രത്തിലെ അടിയന്തിര വാദ്യക്കാരന്‍ കൂടിയായ രാമചന്ദ്രന്‍നായരെ പാലൂര്‍ കളരിക്കല്‍ ദേവസ്വം, മുളയംകാവ് ഭഗവതി ദേവസ്വം, മണ്ണേങ്ങോട് സുബ്രഹ്മണ്യന്‍ കോവില്‍ ദേവസ്വം കമ്മിറ്റികള്‍ ചേര്‍ന്ന് സുവര്‍ണ്ണ മുദ്ര നല്‍കി ആദരിച്ചു. 2010ല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ വള്ളുവനാട്ടിലെ വാദ്യകലാകാരന്മാര്‍ സുവര്‍ണ്ണ ഹാരം നല്‍കി ആദരിച്ചിട്ടുണ്ട്. വാദ്യകലാകാരന്മാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, പനമണ്ണ ശശി, വെള്ളിനേഴി രാമനുണ്ണി, മഞ്ചേരി ഹരി, കലാമണ്ഡലം ദേവരാജന്‍, സി പി. മുഹമ്മദ് എം എല്‍ എ, കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രമണിമോഹനന്‍ എന്നിവര്‍ പരേതന്റ വസതി സന്ദര്‍ശിച്ചു. ഭാര്യ: പത്മാവതി. മക്കള്‍ : ചന്ദ്രമതി, കൃഷ്ണദാസ് (ഗുരുവായൂര്‍ ദേവസ്വം), സജിത. മരുമക്കള്‍ : വിശ്വന്‍, ദീപ, മണികണ്ഠന്‍.