ബ്ലേഡ് മാഫിയ പീഡിപ്പിക്കുന്നെന്ന്‌

Posted on: August 15, 2014 8:11 am | Last updated: August 15, 2014 at 8:11 am

കല്‍പ്പറ്റ: ബ്ലേഡ് മാഫിയ തന്നെയും കുടുംബത്തെയും നിരന്തരം പീഡിപ്പിക്കുകയാണെന്ന് ആറുവള്‍ സ്വദേശി പി.കെ. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്നെ പോലെ നിരവധി പേരാണ് ഇത്തരത്തില്‍ കുടുങ്ങിയിട്ടുള്ളത്. 1996ല്‍ 30000 രൂപ വെള്ളമുണ്ടയിലെ സിറ്റിലോണ്‍ എന്ന സ്ഥാപനത്തില്‍ നിന്ന് പലിശക്കെടുത്ത താന്‍ ഒരു വര്‍ഷം കൊണ്ട് 59000 രൂപയോളം തിരിച്ചടച്ചു. എന്നാല്‍, വായ്പ നല്‍കുന്ന സമയത്ത് തന്റെ കയ്യില്‍ നിന്നും വാങ്ങിയ തന്റെ മൂന്ന് ചെക്കും ഭാര്യയുടെ രണ്ട് ചെക്കും തിരിച്ച് നല്‍കാന്‍ സ്ഥാപനമുടമ തയ്യാറായില്ല.
ചെക്കിനായി ചെല്ലുമ്പോള്‍ പല ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് പലിശക്കാരന്‍ തന്റെ ഭാര്യയുടെ പേരിലുള്ള രണ്ട് ചെക്കുകളില്‍ കോഴിക്കോട്, മാനന്തവാടി കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തു.
എന്നാല്‍, ഈ രണ്ട് കേസുകളിലും തന്റെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി കേസുകള്‍ തള്ളി. ഇപ്പോള്‍ തന്റെ ചെക്കുകളൊന്നില്‍ പലിശയിടപാടുകാരന്‍ മംഗലാപുരം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. പോരാത്തതിന് തന്നെ കൊന്നുകളയുമെന്ന് ഭീഷണിയും മുഴക്കിയതായി രാധാകൃഷ്ണന്‍ പറഞ്ഞു. തന്നെ പോലെ നിരവധിയാളുകളാണ് ഇത്തരത്തില്‍ സിറ്റിലോണ്‍ സ്ഥാപനത്തിന്റെ ചതിക്കുഴിയില്‍ വീണത്. സ്ഥാപനമുടമക്ക് വെള്ളമുണ്ട, പടിഞ്ഞാറത്ത പൊലീസ് സ്‌റ്റേഷനുകളില്‍ സഹായികളുണ്ടെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. തനിക്കെതിരെ കൊലപാതക ഭീഷണിയുണ്ടെന്ന കാണിച്ച് വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി പുറത്തിറങ്ങുമ്പോഴേക്കും പലിശക്കാരനുമായ ബന്ധപ്പെട്ട ഒരാള്‍ തന്നെ വിളിക്കുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല തന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസ് ശ്രമിച്ചുമില്ല. പിന്നീട് ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയപ്പോഴാണ് വെള്ളമുണ്ട പൊലീസ് തന്റെ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
വെള്ളമുണ്ട കാട്ടുകുന്നേല്‍ ഷാജി, പടിഞ്ഞാറത്തറ സ്വദേശികളായ അന്‍വര്‍, പി.യു.ജയിംസ്, വെള്ളമുണ്ട സ്വദേശി ഷാജഹാന്‍ എന്നിവരുടെ പേരില്‍ താമരശ്ശേരി, തൃശൂര്‍, കുന്നമംഗലം, മംഗലാപുരം കോടതികളില്‍ സ്ഥാപയുടമ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, സിറ്റിലോണ്‍ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് സ്വര്‍ണപണയത്തിനുമേല്‍ പണം കടംകൊടുക്കുന്നതിന് മാത്രമാണ്. ഇതിന്റെ മറവില്‍ കഴുത്തറപ്പന്‍ പലിശ വാങ്ങുകയും ബഌങ്ക് ചെക്കുകള്‍ ഉപയോഗിച്ച് ആളുകളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സിറ്റിലോണ്‍സിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും വാര്‍ത്തസമ്മേളനത്തില്‍ രാധാകൃഷ്ണനും കാട്ടുകുന്നേല്‍ ഷാജിയും അറിയിച്ചു.