Connect with us

Kollam

വിവിധ ജില്ലകളില്‍ മോഷണം നടത്തിവന്ന രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: വിവിധ ജില്ലകളില്‍ മോഷണം നടത്തിവന്ന രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും അപഹരിച്ചുവന്നരെയാണ് കുണ്ടറ പോലീസ് പിടികൂടിയത്. കുണ്ടറ, പേരയം പള്ളിയറ പ്രതീക്ഷാഭവനില്‍ റജീസ് (37), ആദിച്ചനല്ലൂര്‍ സ്വദേശി, നൂറനാട് ആശാന്‍മുക്ക് പുല്ലുവിള വീട്ടില്‍ താമസക്കാരനായ പ്രസാദ് (അടൂര്‍ പ്രസാദ്, 34) എന്നിവരാണ് ആശുപത്രിമുക്കിനു സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
ദിവസങ്ങള്‍ക്ക് മുമ്പ് മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിനുസമീപം വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് മുന്‍വശത്തെ വാതില്‍ ഉപയോഗിച്ച് കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും വിദേശനിര്‍മ്മിത ടോര്‍ച്ച് വിദേശമദ്യം തുടങ്ങിയ സാധനങ്ങളും അപഹരിച്ചിരുന്നു. വീട്ടില്‍നിന്നുതന്നെ കൈക്കലാക്കിയ കൂന്താലി ഉപയോഗിച്ചാണ് വാതില്‍ തകര്‍ത്തത്.
കുണ്ടറയിലും പരിസരത്തും മോഷണവും മുക്കുപണ്ടം പണയംവച്ച് പണം തട്ടലും നടത്തിവരികയായിരുന്നു റജി. ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍നിന്ന് തങ്കയങ്കി മോഷ്ടിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2003ല്‍ പെരുമ്പുഴയില്‍ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം തട്ടിയ കേസിലും പ്രതിയായിരുന്നു. ജയിലില്‍ വെച്ച് സൗഹൃദം സ്ഥാപിച്ച പ്രസാദിനോടൊപ്പം മോഷണം നടത്തിവരികയായിരുന്നതായി പോലീസ് പറഞ്ഞു.
കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ നിരവധി വീടുകളുടെ ജനല്‍കമ്പി വളച്ചും മുന്‍വാതില്‍ പൊളിച്ചും വീടുകള്‍ക്കുള്ളില്‍ കടന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണ മുതലുകള്‍ കുണ്ടറ മുതല്‍ തൃശൂര്‍ വരെ എത്തിച്ച് പണയം വെച്ചു വരികയായിരുന്നു. പന്തളം കുഴിക്കാട് മൂന്ന് വീടിളില്‍ നിന്നായി അഞ്ച് പവന്‍, കൊട്ടാരക്കര കിഴക്കേതെരുവില്‍ ജനല്‍കമ്പി വളച്ച് അഞ്ച് പവന്‍ ചാരുമ്മൂട്ടില്‍ ഒരു പവന്‍, പത്തനാപുരത്തുനിന്ന് ഒരു പവന്‍ തുടങ്ങിയവയാണ് മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. അടൂര്‍ പ്രസാദ് അടൂര്‍ ഭാഗത്ത് നിരവധി കേസുകളിലും പ്രതിയാണെന്ന് പോലീസ്് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

Latest