ഗാസയില്‍ അഞ്ച് ദിവസം വെടിനിര്‍ത്തല്‍

Posted on: August 15, 2014 12:22 am | Last updated: August 15, 2014 at 12:22 am

കൈറോ/ ഗാസ സിറ്റി: ഇസ്‌റാഈലും ഗാസയിലെ ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ അഞ്ച് ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. അതിനിടെ, ഹമാസ് എട്ട് റോക്കറ്റുകള്‍ വിക്ഷേപിച്ചെന്നും ഇതിന് മറുപടിയായി നിരവധി ഒളികേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയതായും ഇസ്‌റാഈല്‍ അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നാണ് ഹമാസ് അറിയിച്ചത്. ഇസ്‌റാഈലിന്റെ വ്യോമാക്രമണം സമാധാനം തകര്‍ക്കലാണെന്ന് ഹമാസ് വക്താക്കള്‍ പറഞ്ഞു. ആക്രമണങ്ങളില്‍ അത്യാഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒരു മാസം നീണ്ടുനിന്ന ആക്രമണത്തിനിടെയുണ്ടാകുന്ന ദൈര്‍ഘ്യമേറിയ വെടിനിര്‍ത്തലാണ് ഇത്തവണത്തേത്. നേരത്തെ രണ്ട് തവണയും മൂന്ന് ദിവസം വരെയാണ് പരമാവധി വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയുടെ അവസാന നിമിഷം വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുമെന്ന് ഫലസ്തീന്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഇസ്‌റാഈല്‍ ഇത് അംഗീകരിച്ചു. ചര്‍ച്ചക്കിടെ ഇസ്‌റാഈലും ഫലസ്തീനും രൂക്ഷമായ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചതിനാല്‍ സ്ഥിര വെടിനിര്‍ത്തല്‍ ഏറെ ക്ലേശകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം റോക്കറ്റാക്രമണം ഉണ്ടായതും സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്.
അതേസമയം, ഗാസന്‍ ജനതയുടെ ആവശ്യം ഇസ്‌റാഈല്‍ അംഗീകരിക്കും വരെ സമാധാന കരാറില്‍ ഒപ്പുവെക്കില്ലെന്ന് ഹമാസ് അറിയിച്ചു. ‘ഞങ്ങളുടെ ജനങ്ങളുടെ ആവശ്യങ്ങളില്‍ തൃപ്തികരമായ നിലപാടുള്ള കരാറില്‍ എത്താന്‍ അതിയായ ആഗ്രഹമുണ്ടെ’ന്ന് കൈറോയില്‍ ചര്‍ച്ചക്കെത്തിയ ഫലസ്തീന്‍ പ്രതിനിധി ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. അനീതികരമായ കടന്നുകയറ്റങ്ങളും 2006 മുതല്‍ ഗാസക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ഹമാസ് തുടരുമെന്ന് ഹയ്യ പറഞ്ഞു.
ഞായറാഴ്ചത്തെ ചര്‍ച്ചകള്‍ക്കായി ശനിയാഴ്ച രാത്രി തന്നെ കൈറോയിലേക്ക് മടങ്ങുമെന്ന് ഫലസ്തീന്‍ പ്രതിനിധികള്‍ അറിയിച്ചു. ഗാസയിലേക്ക് ചില വസ്തുക്കളുടെ വിതരണവും ജനങ്ങളും ചരക്കുകളും അതിര്‍ത്തി കടക്കുന്നതിനുള്ള തടസ്സത്തില്‍ ഉപാധികളോടെ ഇളവ് വരുത്താനും ഇസ്‌റാഈല്‍ സന്നദ്ധമാണെന്ന് സൂചനകളുണ്ട്.