ഇന്‍സ്‌പെയര്‍ ശാസ്ത്രമേള: ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് വ്യാപിക്കാന്‍ ശ്രമിക്കും: മന്ത്രി അബ്ദുറബ്ബ്

Posted on: August 15, 2014 12:13 am | Last updated: August 15, 2014 at 12:13 am

കൊല്ലം: സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ഇന്‍സ്‌പെയര്‍ ശാസ്ത്രമേള ഹയര്‍ സെക്കന്ററി തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. സ്‌കൂളുകളില്‍ ആറുമുതല്‍ പത്താം തരം വരെ മാത്രമാണ് ഇപ്പോള്‍ ഇന്‍സ്‌പെയര്‍ മേള നടക്കുന്നത്. ഇത് പ്ലസ്ടു തലത്തിലേക്ക് വ്യാപിപ്പിക്കുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗത്ത് മികവ് തെളിയിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം വിമല ഹൃദയ സ്‌കൂളില്‍ സംസ്ഥാനതല ഇന്‍സ്‌പെയര്‍ ശാസ്ത്ര പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ തലമുറ മികവ് പ്രകടിപ്പിക്കുന്നത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച പ്രോജക്ടുകള്‍ അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. അതേസമയം വിദ്യാഭ്യാസ മന്ത്രിയെ ഡി വൈ എഫ് , എസ് എഫ് ഐ,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടാന്‍ ശമിച്ചു. ഇവരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ഡി പി ഐ ഗോപാലകൃഷ്ണഭട്ട്, എ ഡി പി ഐ. എല്‍ രാജന്‍, കൊല്ലം ഡി ഡി ഇ കെ.എസ് ശ്രീകല, ഡി.ഇ.ഒ കെ.ഐ ലാല്‍, കൊല്ലം പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ പരവൂര്‍ സജീബ് സംസാരിച്ചു.