മദ്യ നയം: സര്‍ക്കാറിനെ വിമര്‍ശിച്ച് സുധീരന്‍

Posted on: August 15, 2014 6:00 am | Last updated: August 15, 2014 at 12:01 am
SHARE

vm sudheeranതിരുവനന്തപുരം: മദ്യ നയത്തില്‍ കോടതി ഇടപെട്ടതിനെ തുടര്‍ന്ന് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്തെത്തി. ഇതോടെ മദ്യ നയത്തില്‍ കെ പി സി സി – സര്‍ക്കാര്‍ ഏറ്റുമൂട്ടല്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പായി. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കേണ്ടെന്ന നിലപാട് വീണ്ടും വ്യക്തമാക്കി പരസ്യമായി രംഗത്തെത്തിയ സുധീരന്‍, കോടതിയില്‍ നിന്ന് വിധി ചോദിച്ചുവാങ്ങാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പരിഹസിച്ചു. ബാറുടമകളുടെ താത്പര്യത്തിനപ്പുറം പൊതുതാത്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്മൃതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍. പൊതുതാത്പര്യത്തെ മാനിക്കലാണ് പ്രായോഗിക സമീപനമെന്നും സുധീരന്‍ വ്യക്തമാക്കി.
വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരോക്ഷവിമര്‍ശമാണ് സുധീരന്‍ നടത്തിയത്. കെ പി സി സി അധ്യക്ഷന്റെ അഭിപ്രായം നോക്കേണ്ടതില്ലെന്നാണ് ചിലര്‍ പറയുന്നത്. കെ പി സി സി അധ്യക്ഷന്റേത് വ്യക്തിപരമായ അഭിപ്രായമല്ല. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന കെ പി സി സി ജനറല്‍ ബോഡിയുടെ പൊതുവികാരമാണ് താന്‍ പ്രകടിപ്പിച്ചത്. കെ പി സി സിയുടെയോ ജനങ്ങളുടെയോ അഭിപ്രായം മാനിക്കേണ്ടെന്നാണോ പറയുന്നതെന്നും സുധീരന്‍ ചോദിച്ചു.
മദ്യ നയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ബാറുകള്‍ തുറക്കണമെന്ന് അഭിപ്രായമുള്ളവരാണ്. കോടതി വിധി അനുകൂലമാക്കി അടച്ച ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്നത് വേദനാജനകമാണ്. സര്‍ക്കാര്‍ അംഗീകരിച്ച നയം എ ജി കോടതിയില്‍ പറയണമായിരുന്നു. വിധി ചോദിച്ചു വാങ്ങാനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമിച്ചത്. തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ മോശമായവ പൂട്ടണം. അടച്ചുപൂട്ടിയ ബാറുകളുടെ ഉടമകളുടെ താത്പര്യത്തിനനുസരിച്ച് സര്‍ക്കാര്‍ നീങ്ങുന്നത് ദൗര്‍ഭാഗ്യകരമാണ്. ബാര്‍ വിഷയത്തില്‍ ആരുമായും തര്‍ക്കത്തിനില്ല. അഭിപ്രായങ്ങള്‍ കെ പി സി സിയുടെതാണ്. ബാറുകള്‍ പൂട്ടിയതു കാരണം കേരളത്തിലെ സാമൂഹിക അന്തരീക്ഷം മെച്ചപ്പെട്ടു. എന്നിട്ടും മദ്യ ഉപഭോഗത്തിന്റെ കണക്ക് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു.
ജുഡീഷ്യറിയും ഭരണകൂടവും ജനങ്ങളെ മദ്യവിപത്തിന് എറിഞ്ഞുകൊടുക്കരുത്. തുറന്നുകിടക്കുന്നവ തന്നെ ഘട്ടം ഘട്ടമായി പൂട്ടിക്കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here