പി യു ദാസ് സംസ്ഥാനത്തെ മികച്ച ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍

Posted on: August 14, 2014 10:32 am | Last updated: August 14, 2014 at 10:32 am

photo district soil conservation officer p u Dasകല്‍പ്പറ്റ: സംസ്ഥാനത്തെ മികച്ച ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ക്ഷോണിപ്രിയ അവാര്‍ഡ് വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യൂ. ദാസിന് ലഭിച്ചു. കഴിഞ്ഞ 3 വര്‍ഷം ജില്ലയില്‍ നടപ്പാക്കിയ നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 16 ന് കോഴിക്കോട് നടക്കുന്ന കര്‍ഷക ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‍ണ്ടി സമ്മാനിക്കും.

കഴിഞ്ഞ നാല് വര്‍ഷമായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറായി ജോലി ചെയ്യുന്ന ദാസ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ക്കുള്ള സമഗ്ര കാര്‍ഷിക വികസന പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഐ.ഡബ്ല്യുഎം.പി, പശ്ചിമഘട്ട വികസന പദ്ധതി, തൊഴിലുറപ്പ് പദ്ധതി, മറ്റ് നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ തുടങ്ങിയവയുടെ ഫാക്കല്‍റ്റി കൂടിയായ ഇദ്ദേഹം പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിലെ മികച്ച പരിശീലകന്‍ കൂടിയാണ്. ജില്ലയുടെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ക്കനുസരിച്ച് നടപ്പാക്കുന്ന ചെക്ക് ഡാം പദ്ധതികളും മറ്റും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ആദിവാസി കോളനികളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നടപ്പാക്കിയ പദ്ധതികളും ഗ്രാമീണാടിസ്ഥാന വികസനനിധി ഉപയോഗിച്ചുള്ള പദ്ധതികളും അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ പരിഗണനക്ക് വന്നിരുന്നു.
ജലസംരക്ഷണവും പരിസ്ഥിതി സംബന്ധവുമായ വിഷയങ്ങളില്‍ ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള പി.യൂ. ദാസിന്റെ സ്വദേശം തൃശ്ശൂര്‍ ജില്ലയിലെ ആലപ്പാടാണ്. കോഴിക്കോട് പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ അധ്യാപികയായ ശ്രീലതയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഋത്വിക് (എന്‍.ഐ.ടി. കോഴിക്കോട്), നിരഞ്ജ് (കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഒമ്പതാംതരം) എന്നിവര്‍ മക്കളാണ്.