സോളാര്‍ അന്വേഷണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ 19ന് പ്രഖ്യാപിക്കും

Posted on: August 14, 2014 1:14 am | Last updated: August 15, 2014 at 12:28 am

കൊച്ചി: സോളാര്‍ അന്വേഷണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നത് സംബന്ധിച്ച് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ 19ന് തീരുമാനം പ്രഖ്യാപിക്കും. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ കക്ഷി ചേര്‍ന്നിരിക്കുന്ന ആറ് പേര്‍ നല്‍കിയ പത്രികകള്‍ പരിഗണിച്ച കമ്മീഷന്‍ അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച തീര്‍പ്പിനായി കേസ് 19ലേക്ക് മാറ്റി. ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന് വേണ്ടി അഡ്വ. കെ കെ രവീന്ദ്രനാഥാണ് ഇന്നലെ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചത്. ബി ജെ പി നേതാവ് കെ സുരേന്ദ്രനടക്കം നാല് കക്ഷികള്‍ കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ എഴുതി നല്‍കിയിരുന്നു. കമ്മീഷന്‍ മുമ്പാകെ കക്ഷികള്‍ നല്‍കിയ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കക്ഷികളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും ജസ്റ്റിസ് ശിവരാജന്‍ ഇത് അംഗീകരിച്ചില്ല. കമ്മീഷന്റെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ കക്ഷികളോടോ മാധ്യമ പ്രവര്‍ത്തകരോടോ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും 19ന് തീര്‍പ്പ് പറയുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആര്‍ക്കെങ്കിലുമെതിരായ വ്യക്തിപരമായ ആരോപണങ്ങള്‍ പുറത്തുവിടുകയും ആ വ്യക്തി നാളെ നിരപരാധിയെന്നു തെളിയുകയും ചെയ്താല്‍ അയാളുടെ മാനനഷ്ടം ആരു തീര്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. എല്ലാ നടപടിക്രമങ്ങളിലും കക്ഷികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇത് സാധ്യമല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന്് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മാറാട് കേസിലും മറ്റും ചെയ്ത പോലെ കമ്മീഷന്‍ നടപടികള്‍ പരസ്യപ്പെടുത്തേണ്ടതാണെന്ന് കക്ഷികള്‍ വാദിച്ചപ്പോള്‍ മാറാട് കേസ് പോലെയല്ല, ഇത് അഴുക്കു കേസാണെന്നാണ് കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. സോളാര്‍ കേസ് ഇങ്ങനെ വലിച്ചുനീട്ടിക്കൊണ്ടുപോകാന്‍ കമ്മീഷന് താത്പര്യമില്ല. എല്ലാവരും സഹകരിച്ചാല്‍ പെട്ടെന്നു തീര്‍ക്കാം. ഈ കേസ് ഏറ്റെടുക്കരുതെന്ന്് പലരും തന്നോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ജസ്റ്റിസ് ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. സോളാര്‍ അന്വേഷണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിയമസഭക്കകത്തും പുറത്തും വന്ന കാര്യങ്ങള്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കേസില്‍ കക്ഷി ചേര്‍ന്നവര്‍ നല്‍കിയ വിവരങ്ങള്‍ കൂടി പരിശോധിച്ച് സോളാര്‍ കേസുമായി ബന്ധപ്പെട്ട ഏതെല്ലാം വിഷയങ്ങളാണ് പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് ശിവരാജന്‍ 19ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ പോകുന്നത്.