തെറ്റ് ചെയ്തവര്‍ ഇപ്പോഴും പാര്‍ട്ടിയുടെ തലപ്പത്ത്; താന്‍ വിഭാഗീയതയുടെ ഇര: വെഞ്ഞാറമൂട് ശശി

Posted on: August 14, 2014 12:38 am | Last updated: August 14, 2014 at 12:38 am

VENJARAMOODU SASIതിരുവനന്തപുരം: സി ദിവാകരനെ ഒതുക്കാന്‍ വേണ്ടി നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഇരയാണ് താനെന്നും സംസ്ഥാനത്ത് വിഭാഗീയതക്ക് ചുക്കാന്‍ പിടിക്കുന്നത് കാനം രാജേന്ദ്രനാണെന്നും സി പി ഐ മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. സ്ഥാനാര്‍ഥിത്വ വിവാദത്തെ തുടര്‍ന്ന് നടപടിക്ക് വിധേയനായ ശശി സി പി ഐയില്‍ നിന്ന് ഔദ്യോഗികമായി രാജി വെച്ചു. ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സെക്രട്ടറിയാണെന്നും സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ നേതൃത്വം ബെന്നറ്റില്‍ നിന്ന് ഭീമമായ തുക വാങ്ങിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ശശി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് രാമചന്ദ്രന്‍ നായരാണ്. ഇത് പന്ന്യന്റെ അറിവോടെയായിരുന്നു. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സി പി എമ്മിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല. ആശയവിനിമയം നടന്നിട്ടുണ്ട്. അമിതമായ തുക സ്ഥാനാര്‍ഥിയില്‍ നിന്നു കൈപ്പറ്റുന്നുവെന്ന് ബോധ്യമുണ്ടായിട്ടും സെക്രട്ടറി തടഞ്ഞില്ല. തന്നേക്കാള്‍ വലിയ തെറ്റ് ചെയ്തവരും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും ഇപ്പോഴും ഉന്നത നേതൃത്വത്തില്‍ തുടരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലോ, ഫണ്ട് കൈകാര്യം ചെയ്തതിലോ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ല. ജില്ലാ കൗണ്‍സിലിന്റെ പാനലില്‍ ഇല്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കാന്‍ തിടുക്കം കാട്ടിയത് സംസ്ഥാന സെക്രട്ടറിയാണ്. സി ദിവാകരനും പന്ന്യന്‍ രവീന്ദ്രനും പി രാമചന്ദ്രന്‍ നായരും ഉള്‍പ്പെട്ട പാനലും ബെനറ്റിന്റെ പേര് ചര്‍ച്ച ചെയ്ത മിനിട്‌സും കൈമാറാനാണ് പന്ന്യന്‍ ആവശ്യപ്പെട്ടത്. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ സി ദിവാകരനും സജീവമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ബോധപൂര്‍വം ബെന്നറ്റിന്റെ പേര് കൊണ്ടുവരാന്‍ നടത്തിയ ഈ ശ്രമത്തിനു പിന്നില്‍ ദുരൂഹതയുണ്ട്.

ബെന്നറ്റിനെ പരാജയപ്പെടുത്താന്‍ ജില്ലാ കമ്മിറ്റിയംഗം ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന തെറ്റുതിരുത്തല്‍ പ്രക്രിയ ആത്മാര്‍ഥമാണെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ സെന്‍സര്‍ ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് ഒന്നടങ്കം രാജിവക്കണം. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പ്രസിദ്ധീകരിക്കണം.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച സി ദിവാകരനെ അനുകൂലിച്ചതാണ് തനിക്കെതിരായ നീക്കത്തിനു കാരണം. സി ദിവാകരനെതിരെ കാനം രാജേന്ദ്രന്റെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് പന്ന്യന്‍ സെക്രട്ടറിയായത്. എന്നാല്‍, വിഭാഗീയതക്ക് തടയിടാന്‍ കഴിയുന്ന നേതൃത്വം ഇപ്പോഴില്ല. വര്‍ഗക്കൂറ് നഷ്ടപ്പെട്ട് അധികാര ദല്ലാളന്‍മാരുടെയും സ്ഥാനമോഹികളുടെയും പാര്‍ട്ടിയായി സി പി ഐ മാറിയിരിക്കുന്നു.
വര്‍ഗീയ കക്ഷികളെ എതിര്‍ക്കാന്‍ ഇടതുപക്ഷ മതേതര ശക്തികളുടെ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്.
ഈ കടമ നിര്‍വഹിക്കുന്നതില്‍ പങ്ക് വഹിക്കുന്നുവെന്നതിനാലാണ് ആര്‍ എസ് പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ശശി അവകാശപ്പെട്ടു.