Connect with us

Gulf

അഞ്ച് വര്‍ഷത്തിനിടെ കൂടുതല്‍ സൈറ്റുകള്‍ ട്രാ ബ്ലോക്ക് ചെയ്തത് 2013ല്‍

Published

|

Last Updated

അബുദാബി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ട്രാ) ഏറ്റവും കൂടുതല്‍ സൈറ്റുകള്‍ ബ്ലോക്കു ചെയ്തത് 2013ലെന്ന് കണക്കുകള്‍. 2013ല്‍ ട്രാ ബ്ലോക്കു ചെയ്ത സൈറ്റുകളില്‍ 90 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ്.
കഴിഞ്ഞ ദിവസം ട്രാ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വിശദമാക്കിയിട്ടുള്ളത്. ബ്ലോക്കു ചെയ്യപ്പെട്ടവയില്‍ അഞ്ച് ശതമാനം മറ്റുള്ളവരുടെ സ്വകാര്യതയും സമ്പത്തും ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ച സൈറ്റുകളാണ്.
2014ലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ ബ്ലോക്കു ചെയ്ത സൈറ്റുകളില്‍ 83 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധമായതായിരുന്നെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. 2013ല്‍ ബ്ലോക്കു ചെയ്തവയില്‍ നാല് ശതമാനം രാജ്യത്തിന്റെ മറ്റു നിയമങ്ങള്‍ക്ക് വിരുദ്ധമായ സൈറ്റുകളാണ്. ഇത്തരത്തില്‍ അധികൃതര്‍ ബ്ലോക്കുചെയ്ത സൈറ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ അഞ്ച് മാസത്തിനുള്ളില്‍ വന്‍വര്‍ധനവ് സംഭവിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 11 ശതമാനമാണ് ഇതിന്റെ കണക്ക്.
2013ല്‍ മത ചിഹ്നങ്ങളെ അവമതിക്കുന്നതും മത-സഹിഷ്ണുതക്ക് നിരക്കാത്തതുമായ കാരണത്താല്‍ ബ്ലോക്കു ചെയ്ത സൈറ്റുകള്‍ കേവലം ഒരു ശതമാനം മാത്രമാണ്. ലോട്ടറിയുമായി ബന്ധപ്പെട്ട ഒരു സൈറ്റും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരോധിക്കുകയോ ബ്ലോക്കുചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ട്രാ അധികൃതര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ മരുന്നുകള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സൈറ്റുകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ബ്ലോക്ക് ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.