ദുബൈ 360 ഡോട്ട് കോം ലോകോത്തരം: ശൈഖ് ഹംദാന്‍

Posted on: August 13, 2014 7:52 pm | Last updated: August 13, 2014 at 8:05 pm

26819265

ദുബൈ: നഗരത്തിന്റെ മികച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്ന ദുബൈ360.കോം വെബ്‌സൈറ്റ് ലോകത്തിലെ ഏറ്റവും മികച്ചതാവുമെന്ന് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. ഇതിനോട് കിടപിടിക്കാവുന്ന ഒരെണ്ണം ലോകത്തില്‍ ഇല്ലെന്നും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ശൈഖ് ഹംദാന്‍ കുറിച്ചിട്ടു. സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്ക് ദുബൈയിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാവും ലഭിക്കുക. അധികം വൈകാതെ ദുബൈ 360 ഡോട്ട് കോം ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച സാങ്കല്‍പ്പിക യാത്രയാവും സൈറ്റ് പ്രധാനം ചെയ്യുക.
ലോകത്തിന്റെ ഏത് കോണിലുള്ള വ്യക്തിക്കും സൈറ്റില്‍ പ്രവേശിക്കുന്നതോടെ ദുബൈയില്‍ എത്തിയ പ്രതീതിയാവും അനുഭവപ്പെടുക. മാറി വരുന്ന വീഡിയോ ദൃശ്യങ്ങളിലൂടെ ദുബൈയുടെ മുക്കും മൂലയും ഏറ്റവും വ്യക്തതയാര്‍ന്നും വിശാലതയോടും 360 ഡിഗ്രി കോണുകളില്‍ കാണാനാവും. വെബ് സൈറ്റുകളുടെ രംഗത്തെ വിപ്ലവമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈയുടെ പാരമ്പര്യം വിളിച്ചോതുന്ന കാഴ്ചകള്‍ക്കൊപ്പം ആധുനിക ദുബൈയുടെ കുതിപ്പുകള്‍ അനാവരണം ചെയ്യുന്ന ദൃശ്യങ്ങളും യഥേഷ്ടം സൈറ്റില്‍ ലഭ്യമാവും. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബൈ വിമാനത്താവളത്തിലെ റണ്‍വേ പ്രവര്‍ത്തിക്കുന്നതിന്റെ 12 മിനുട്ട് കാഴ്ചയും ഇതില്‍ കാണാനാവും. കാഴ്ചക്കാര്‍ക്ക് ഇഷ്ടപ്പെട്ടവ സൂം ചെയ്തു കാണാനും വീഡിയോയുടെ വേഗം ആവശ്യാനുസരണം നിയന്ത്രിക്കാനുമെല്ലാം ഈ സൈറ്റില്‍ സംവിധാനങ്ങളുണ്ട്. വിമാനത്താവളത്തിന്റെ ദൃശ്യങ്ങളിലേക്കു പോകുന്നവര്‍ക്ക് ആറു വന്‍കരകളില്‍ നിന്നുള്ള 125 രാജ്യത്തിന്റെ വിമാനങ്ങളാവും സൈറ്റിലൂടെ ദര്‍ശിക്കാനാവുക. 24 മണിക്കൂറിനിടയില്‍ ഷൂട്ട് ചെയ്തിരിക്കുന്ന എയര്‍പോര്‍ട്ട് ദൃശ്യങ്ങളില്‍ 1,000 വിമാനങ്ങളുടെ ചലനങ്ങളും കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ സാധിക്കുമെന്നും ശൈഖ് ഹംദാന്‍ വിശദീകരിക്കുന്നു.