കുട്ടികളെ കൊണ്ടുവരുന്നതിന് മിനി ബസ് ഉപയോഗിക്കുന്നത് ആര്‍ ടി എ നിരോധിച്ചു

Posted on: August 13, 2014 7:38 pm | Last updated: August 13, 2014 at 7:38 pm

rta

ദുബൈ: വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിന് മിനി ബസ് ഉപയോഗിക്കുന്നത് ആര്‍ ടി എ നിരോധിച്ചു. നിരവധി അപകടങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ മിനി ബസുകള്‍ കാരണമായത് പരിഗണിച്ചാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇവ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആര്‍ ടി എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി(പി ടി എ)യാണ് ഇതു സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധമായി പ്രമേയം അവതരിപ്പിക്കുകയും പസാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
മിനി ബസ് നിരോധിച്ചതിനൊപ്പം ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ സ്‌കൂള്‍ കൂട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്രമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പുതിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഏതെല്ലാം നടപടികളാണ് നിയമലംഘനങ്ങളായി പരിഗണിക്കുകയെന്നും ഏതു തരത്തിലുള്ള ശിക്ഷയാണ് നടപ്പാക്കേണ്ടതെന്നുമെല്ലാം ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം പിഴക്ക് കാരണമാവുന്ന നിയമലംഘനങ്ങളിലും വര്‍ധനവുണ്ടാവും. ആര്‍ ടി എ അംഗീകരിച്ച സമഗ്രമായ മാറ്റം വരുത്തിയ നിയമം കുട്ടികളുടെ സുരക്ഷക്ക് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്.
നിയമത്തില്‍ ഉള്‍പ്പെടുത്തിയ പുതിയ ചട്ടങ്ങള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉതകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി ടി എ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഈസ അല്‍ ഹാഷിമി വ്യക്തമാക്കി. നിലവിലുള്ള നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇത് കുട്ടികള്‍ക്ക് മികച്ച സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷ. ബസ് ജീവനക്കാരായ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇതിന് അനുയോജ്യമായ മികച്ച പരിശീലനമാണ് നല്‍കിയിരിക്കുന്നത്. ബസിലെ മൂന്നു സീറ്റുള്ള സജ്ജീകരണവും അതുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് പരിശീലനം.
പുതിയ നിയമം ജൂലൈ 11 മുതലാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും വിദ്യാലങ്ങള്‍ അവധിയായതിനാല്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നത് മുതലാണ് നടപ്പാവുക. ഇത് പ്രകാരം അപകടങ്ങള്‍ തടയാന്‍ പുതിയ കുറേ പിഴകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക. സ്‌കൂള്‍ ബസിനുള്ള പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ 50 ദിര്‍ഹം പിഴ ചുമത്തും. സ്‌കൂള്‍ കുട്ടികളെ കയറ്റാന്‍ അനുമതിയില്ലാത്ത വാഹനം ഉപയോഗിക്കുക, സ്‌കൂള്‍ വാഹനം ഓടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ ഗൗരവമായ കുറ്റങ്ങള്‍ക്കാവും 500 ദിര്‍ഹം പിഴയെന്നും അദ്ദേഹം വിശദീകരിച്ചു.