Connect with us

Alappuzha

കുട്ടനാടിന്റെ തുഴക്കരുത്തിനുള്ള അംഗീകാരം

Published

|

Last Updated

അഞ്ച് തവണ നിഷേധിക്കപ്പെട്ട അവാര്‍ഡ് സജിയെ തേടിയെത്തി

ആലപ്പുഴ: അന്താരാഷ്ട്ര വേദികളില്‍ മെഡലുകള്‍ തുഴഞ്ഞെടുത്ത റോവിംഗ് താരത്തിന് അര്‍ജുന നല്‍കി രാജ്യത്തിന്റെ ആദരം. റോവിംഗ് മത്സരത്തില്‍ പങ്കെടുത്ത് 2001 മുതല്‍ നിരവധി അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുള്ള സജിതോമസ് എന്ന കുട്ടനാട്ടുകാരന് അനര്‍ഘനിമിഷമായി ഇത്. 1998ല്‍ എടത്വ സെന്റ് അലോഷ്യസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പുന്നമട സായികേന്ദ്രത്തിലെത്തിയതോടെയാണ് സജിയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്.
സായിയുടെ കീഴില്‍ മികച്ച പരിശീലനം നേടിയ സജി തുടര്‍ന്ന് സൈന്യത്തില്‍ എത്തി.ഇപ്പോള്‍ സെക്കന്തരാബാദില്‍ സേവനം ചെയ്യുന്ന സജി തന്റെ 37-ാം വയസില്‍ റോവിംഗില്‍ പരിശീലനം നല്‍കുകയാണ്.2001ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ്ഷിപ്പിലും 2002ല്‍ ബെല്‍ജിയത്തില്‍ നടന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിലും വെങ്കലം സ്വന്തമാക്കിയ സജി തോമസ് കൊറിയയില്‍ നടന്ന എഷ്യന്‍ ഗയിംസില്‍ നാലാം സ്ഥാനവും 2005 ഹൈദരാബാദ് ഏഷ്യന്‍ ചാമ്പന്‍ഷിപ്പിലും 2006ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണവും സ്വന്തമാക്കി. 2007ല്‍ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പന്‍ഷിപ്പില്‍ വെങ്കലവും 2009ല്‍ തായ് വാനില്‍ നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പന്‍ഷിപ്പില്‍ വെള്ളിയും 2010ലെ ഏഷ്യന്‍ ഗയിംസില്‍ വെള്ളിയും ഈ പ്രതിഭ സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ മീറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ച കുട്ടനാട് നെടുമുടി പഞ്ചായത്തിലെ ചെമ്പുംപുറം സ്വദേശി സജി തോമസിന്റെ വാര്‍ഷങ്ങളായുള്ള പ്രതീക്ഷയാണ് ഇന്നലത്തെ അര്‍ജുന അവാര്‍ഡ് പ്രഖ്യാപനത്തോടെ സഫലമായത്.ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹനായതെങ്കിലും സജിതോമസിനും കുടുംബത്തിനും ആരോടും പരിഭവമില്ല. സജി തോമസിന് അവാര്‍ഡ് നല്‍കാത്തതിതിനെതിരെ 2010ല്‍ റോവിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേന്ദ്ര കായിക മന്ത്രാലയത്തിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് അര്‍ജുന അവാര്‍ഡ് എന്ന സ്വപ്‌നം സജി എന്നെന്നേക്കുമായി ഉപേക്ഷിച്ചത്.പിന്നീട് കൊല്ലംതോറും അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോഴൊന്നും സജി അതില്‍ ആകുലപ്പെടാറില്ലായിരുന്നു.ഇക്കുറിയും അത് തന്നെയായിരുന്നു സ്ഥിതി.
നിനച്ചിരിക്കാതെ അര്‍ജുന അവാര്‍ഡെത്തിയപ്പോള്‍ സന്തോഷം അടക്കാനാകുന്നില്ല സജിക്കും കുടുംബത്തിനും.പക്ഷെ, സജിയുടെ ചെമ്പുംപുറത്തെ കുടുംബ വീട്ടിലേക്കെത്തിപ്പെടാനോ സന്തോഷം പങ്ക് വെക്കാനോ കായിക പ്രേമികള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ജനപ്രതിനിധികള്‍ക്കോ കഴിയാത്ത അവസ്ഥയാണ്.വെള്ളപ്പൊക്ക ദുരിതത്തില്‍ അകപ്പൈട്ട ചെമ്പുംപുറവും മുങ്ങിത്താഴ്ന്നിരിക്കുകായണ്.സജിതോമസിലൂടെ കുട്ടനാട്ടിലേക്ക് രാജ്യത്തിന്റെ ഉന്നതമായ പുരസ്‌കാരം എത്തിയതിലുള്ള സന്തോഷത്തിലാണ് നാട്ടുകാര്‍.തങ്ങളുടെ പ്രിയപ്പെട്ട സജിക്ക് രാജകീയ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.