ജിഷ്ണയുടെ മരണം; സീനിയര്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

Posted on: August 13, 2014 12:41 am | Last updated: August 12, 2014 at 10:43 pm

jishnaതൃക്കരിപ്പൂര്‍: ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനി എം ജിഷ്ണ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിക്കാന്‍ ഇടയായ സംഭവുമായി ബന്ധപ്പെട്ട് മറ്റൊരു വിദ്യാര്‍ഥിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും ഈയ്യക്കാട് സ്വദേശിയുമായ പതിനേഴുകാരനാണ് പോലിസ് പിടിയിലായതെന്നാണ് സൂചന. ഇയാളെ പോലിസ് ചോദ്യംചെയ്തുവരികയാണ്. നീലേശ്വരം സി ഐ. യു പ്രേമനാണ് അന്വേഷണച്ചുമതല.
ദുരന്തം നടന്ന കൊയോങ്കരയിലെ വീടും പരിസരവും ഇന്നലെ രാവിലെ പോലിസ് സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ദന്‍ കെ.ദീപേഷ്, ഫോറന്‍സിക് വിദഗ്ദന്‍ പ്രവീണ്‍ ദാസ് എന്നിവര്‍ വീടിനകത്ത് നിന്ന് തെളിവുകള്‍ക്കായുള്ള പരിശോധന നടത്തിയത് .
ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ വി രമേശന്റെ മകള്‍ എ ജിഷ്ണയെ കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെയാണ് കൊയോങ്കരയിലെ വീടിനകത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെത്തന്നെ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിലും പരിയാരം മെഡിക്കള്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഏക സഹോദരി അനഘ വയനാട്ടില്‍ വിദ്യാര്‍ഥിയുമാണ്. ജോലി കഴിഞ്ഞെത്തിയ അമ്മ രാധയാണ് സംഭവം നേരിട്ട് ആദ്യം കാണുന്നത്.
ആരോപണവിധേയനായ വിദ്യാര്‍ഥിയെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.
ജിഷ്ണയുടെ മൃതദേഹം വൈകീട്ട് നാലു മണിയോടെ കൊയോങ്കര സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.