ലോകത്തിലെ മികച്ചവയുടെ ഗണത്തില്‍ ദുബൈ അക്വോറിയവും

Posted on: August 12, 2014 7:42 pm | Last updated: August 12, 2014 at 7:42 pm

Dubai-Mall-Aquarium-1024x820ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച 25 അക്വേറിയങ്ങളുടെ പട്ടികയില്‍ ദുബൈ അക്വേറിയവും ഇടം പിടിച്ചു. ട്രാവലിംഗ് സൈറ്റായ ട്രിപ്പ് അഡ്‌വൈസറാണ് ദുബൈ മാളില്‍ സ്ഥിതി ചെയ്യുന്ന ദുബൈ അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവിനെ ലോകത്തിലെ ഏറ്റവും മികച്ച 25ാമത്തേതായി തിരഞ്ഞെടുത്തത്. ട്രിപ് അഡ്‌വൈസര്‍ ലോക വ്യാപകമായി തങ്ങളുടെ യാത്രക്കാരില്‍ നിന്നായിരുന്നു അവാര്‍ഡിനായി മികച്ചവയെ ഓണ്‍ലൈനായി തിരഞ്ഞെടുത്തത്. ലോക വ്യാപകമായി 275 അക്വേറിയങ്ങളാണ് വിജയ പട്ടികയില്‍ ഇടം പിടിച്ചത്. കാലിഫോര്‍ണിയയിലെ മോണ്ടിറേ അക്വേറിയമാണ് ഒന്നാം സ്ഥാനത്ത്. പോര്‍ച്ചുഗല്ലിലെ ലിസ്ബണിലെ ഓസിനാറിയോ ഡി ലിസ്‌ബോ രണ്ടാം സ്ഥാനത്തും ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലുള്ള ജോര്‍ജിയ അക്വേറിയം മൂന്നാം സ്ഥാനവും ടെന്നസിയിലെ ചറ്റനൂഗയിലുള്ള ജോര്‍ജിയ ആന്‍ഡ് ടെന്നെസി അക്വേറിയം നാലാം സ്ഥാനവും നേടി.
ഒരു വര്‍ഷം നീണ്ട ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പാണ് ഇതിനായി ട്രിപ് അഡ്‌വൈസര്‍ നടത്തിയത്. ലോക വ്യാപകമായി തങ്ങളുടെ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന സൂ ആന്‍ഡ് അക്വേറിയങ്ങള്‍ക്കാണ് വോട്ടിംഗില്‍ പ്രാധാന്യം നല്‍കിയത്. മികച്ചവയെ തിരഞ്ഞെടുത്തതിലൂടെ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ ജീവികളെ യാത്രക്കാര്‍ക്ക് എളുപ്പം കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്ന് ട്രിപ് അഡ്‌വൈസര്‍ ചീഫ് മര്‍ക്കറ്റിംഗ് ഓഫീസര്‍ ബാര്‍ബറ മെസ്സിംഗ് വ്യക്തമാക്കി. അവാര്‍ഡ് നേടിയ അക്വേറിയങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ ആളുകള്‍ക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോടി ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ദുബൈ അക്വേറിയം ലോകത്തിലെ ഏറ്റവും വലിയ സസ്‌പെന്റഡ് അക്വേറിയം കൂടിയാണ്. ആയിരക്കണക്കിന് ജല ജീവികള്‍ക്ക് അഭയ കേന്ദ്രം കൂടിയാണിത്. ഭീമന്‍ സ്രാവുകളും ഇതില്‍ ഉള്‍പ്പെടും. ഈയിടെയാണ് ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്റില്‍ നിന്നും 750 കിലോ ഗ്രാം ഭാരമുളള രണ്ട് മുതലകള്‍ ഇവിടെ എത്തിയത്. 70 കിലോ ഭാരമുള്ള നീരാളിയും അടുത്തിടെ ദുബൈ അക്വേറിയത്തിന്റെ ഭാഗമായിരുന്നു.