തിരുനെല്ലിയില്‍ ഉണ്ണിയപ്പപ്പെരുമയുമായി കുട്ടേട്ടന്‍

Posted on: August 12, 2014 10:43 am | Last updated: August 12, 2014 at 10:43 am

kuttettan 2മാനന്തവാടി: ഉണ്ണിയപ്പവുമായി സൗഹൃദം പങ്കുവെച്ച് കുട്ടേട്ടന്‍ ശ്രേേദ്ധയനാകുന്നു. കര്‍ണ്ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും മുംബൈലേക്കുമൊക്കെ വാഹനങ്ങളില്‍ ഉണ്ണിയപ്പം എത്തും അതാണ് കുട്ടേട്ടന്റെ ഉണ്ണിയപ്പപെരുമ.തിരുനെല്ലി റോഡരികിലെ തെറ്റ് റോഡില്‍ കാട്ടാനകളോടും കടുവകളോടും സഹവസിച്ചാണ് കുട്ടേട്ടന്റെ ഉണ്ണിയപ്പക്കച്ചവടം. രണ്ടുകൊല്ലം മുമ്പ് കുട്ടേട്ടന്റെ കാമധേനു പശുവിനെ കടുവ പിടിച്ചു. തീര്‍ഥാടകര്‍ക്ക് പാലും മോരും നല്‍കിവന്ന പശുവിന്റെ വേര്‍പാട് കുട്ടേട്ടനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. കാലം കുട്ടേട്ടന് സമ്മാനിച്ചത് ഒരു വലിയ സൗഹൃദനിരതന്നെ. നിരവധി പ്രധാന മാധ്യമപ്രവര്‍ത്തകരും വിദേശത്തുള്ള മഹത്‌വ്യക്തികളും ഇടക്കിടെ കുട്ടേട്ടനെ വിളിക്കുന്നത് തന്നെ ഇതിനുള്ള തെളിവ്.
മലപ്പുറം ജില്ലയിലെ ആലിപറമ്പില്‍ നിന്നാണ് കുട്ടേട്ടന്‍ എന്ന കെ ശിവദാസന്‍ അന്‍പത് വര്‍ഷം മുന്‍പ് തെറ്റ് റോഡിലെത്തി കച്ചവടമാരംഭിച്ചത്. കുട്ടേട്ടന്റെ അച്ചന്റേതായിരുന്നു ഈ കട. തിരുനെല്ലി ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങള്‍ക്ക് ദാഹം ശമിപ്പിക്കുന്നതിനും ലഘുഭക്ഷണത്തിനുമായാണ് ദേവസ്വംബോര്‍ഡ് ചെറിയ ഒരു കട തുടങ്ങാന്‍ സൗകര്യം ചെയ്തുകൊടുത്തത്. ചെറിയ വാടകയും ഈടാക്കുന്നുണ്ട് ജംഗിള്‍ വ്യൂ എന്ന ഈ കൊച്ചുകടക്ക്.
ഇനി ഉണ്ണിയപ്പ നിര്‍മ്മാണശാലയിലേക്ക് കടക്കാം. കടക്ക് പിറകിലെ ചെറിയൊരു ചായ്പ്പിലാണ് ഉണ്ണിയപ്പമൊരുങ്ങുന്നത്. ഇവിടെ മണ്ണ് കൊണ്ട് നിര്‍മ്മിച്ച മനോഹരമായ അടുപ്പുകളിലെ ഉരുളികളില്‍ ഉണ്ണിയപ്പം തയ്യാറാകുന്നു. ഇതിന്റെ നറുമണം മൂക്കിലേറുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. മുമ്പ് ഉരലില്‍ അരി ഇടിച്ചായിരുന്നു മാവ് കലക്കിയിരുന്നത്. ഗ്രൈന്‍ഡറും മിക്‌സിയുമെല്ലാം കുട്ടേട്ടന് ഇന്നും അന്യം. പലദിവസങ്ങളിലും ആവശ്യക്കാര്‍ നിരാശരായാണ് മടങ്ങുക. രാവിലെ അഞ്ചര മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ ഉണ്ണിയപ്പമുണ്ടാകും.
20സെന്റ് സ്ഥലത്ത് പ്രവര്‍ ത്തിക്കുന്ന കടയില്‍ കാലത്ത് ഇഡ്ഡലിയും സാമ്പാറും ഉച്ചക്ക് കഞ്ഞിയും മോരുമാണുണ്ടാവുക. മുളയില്‍ മെടഞ്ഞെടുത്ത കുട്ടയില്‍ കൊണ്ടുവെക്കുന്ന ഉണ്ണിയപ്പം ആവശ്യക്കാര്‍ എടുത്തുകഴിക്കുന്നു. ഇവര്‍ പറയുന്ന എണ്ണമനുസരിച്ചാണ് ഉണ്ണിയപ്പത്തിന്റെ തുക ഈടാക്കുക. അഞ്ചു രൂപയായിരുന്നു ഒരു ഉണ്ണിയപ്പത്തിന്റെ വില. വെളിച്ചെണ്ണ വില ഇരട്ടിയായതോടെ അന്‍പത് പൈസ വര്‍ധിപ്പിച്ചു.  ഉപഭോക്താക്കളുടെ വിശ്വാസ്യത തന്നെയാണ് കുട്ടേട്ടന്റെ കൈമുതല്‍.  കുട്ടേട്ടനും ഭാര്യ ഇന്ദിരയും മക്കളായ വിനോദ്, വിജീഷ്, വിനീത, മരുമക്കളായ സജിത, ശാലിനി എന്നിവരും കുട്ടേട്ടനെ സഹായിക്കുന്നു. പ്രായമേറിയതോടെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചിട്ടും കുട്ടേട്ടന് യാതൊരു കുലുക്കവുമില്ല. ഉണ്ണിയപ്പത്തിന്റെ നറുമണം തേടിയെത്തുന്ന തീര്‍ഥാടകര്‍ക്ക് മുമ്പില്‍ ഉണ്ണിയപ്പത്തിലും മധുരമുള്ള ചെറുപുഞ്ചിരിയാണ് കുട്ടേട്ടന്റെ മറുപടി.
അരനൂറ്റാണ്ടിലേറെയായി ഉണ്ണിയപ്പവുമായി സൗഹൃദം പങ്കുവെക്കുന്ന കുട്ടേട്ടനെ അലട്ടിയ സംഭവങ്ങളും വിരളമല്ല. 1965ല്‍ കടയിലേക്ക് ഇരച്ചുകയറിയ കുറച്ച് പോലീസുകാര്‍ക്ക് അറിയേണ്ടത് ഒന്നുമാത്രം വര്‍ഗീസ് എങ്ങോട്ട് പോയി?. വര്‍ഗീസ് എന്നുകേട്ടപ്പോള്‍ കുട്ടേട്ടനും ഒന്നുഞെട്ടി. പിന്നീടാണ് അറിഞ്ഞത് തന്റെ കടയില്‍ നിന്ന് കട്ടന്‍ചായയും ഉണ്ണിയപ്പവും കഴിച്ച് തിരുനെല്ലിക്ക് പോയവരില്‍ ഒരാള്‍ സഖാവ് വര്‍ഗീസ് ആണെന്ന്. പിന്നെ ഇടക്കിടെ പോലീസുകാരെത്തും. വര്‍ഗീസിനെ കണ്ടോ?. പിന്നീട് ചോദ്യങ്ങളുടെ ഒരു നീണ്ടനിരതന്നെ വരും. വര്‍ഗീസ് വെടിയേറ്റു മരിച്ചതോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. കുട്ടേട്ടനും ആശ്വാസം.
മലമുകളിലെ നീര്‍ചാലില്‍ നിന്ന് പൈപ്പുവഴിയാണ് ജംഗിള്‍ വ്യൂവില്‍ കുടിവെള്ളം എത്തുന്നത്. ഇടക്കിടെ കാട്ടാനകള്‍ പൈപ്പ് ചവിട്ടി പൊട്ടിക്കും. അതോടെ കുടിവെള്ളം മുടങ്ങും. ആദിവാസി മൂപ്പന്‍മാരുടെ സഹായത്തോടെ പിന്നീട് പൈപ്പ് നേരെയാക്കും. വനംവകുപ്പിന്റെ കാരുണ്യത്താലാണ് കുട്ടേട്ടന് കുടിവെള്ളം ലഭിക്കുന്നത്.