ഓണാഘോഷം സെപ്റ്റംബര്‍ ആറ് മുതല്‍; 13 വേദികളില്‍

Posted on: August 12, 2014 9:29 am | Last updated: August 12, 2014 at 9:29 am

onam 2കോഴിക്കോട്: ജില്ലയിലെ ഓണാഘോഷ പരിപാടികള്‍ ഇത്തവണ 13 വേദികളിലായി സെപ്റ്റംബര്‍ ആറ് മുതല്‍ 11 വരെ അരങ്ങേറുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. ബീച്ചിലെ തുറന്ന വേദിയില്‍ ആറിന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സുപ്രസിദ്ധ കലാകാരന്‍മാര്‍ അണി നിരക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന സബ് കമ്മിറ്റി ഭാരവാഹികളുടെ യോഗം മേളയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
ബീച്ചിലെ പ്രധാന വേദിക്ക് പുറമേ ഗുജറാത്തി ഹാള്‍, ടാഗോര്‍ ഹാള്‍, ടൗണ്‍ ഹാള്‍, ജൂബിലി ഹാള്‍, മുതലക്കുളം മൈതാനം, മാനാഞ്ചിറ ഓപണ്‍ സ്റ്റേജ്, സരോവരം പാര്‍ക്ക്, സാമൂതിരി സ്‌കൂള്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ്  മറ്റു വേദികള്‍ ഒരുക്കുക. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലും ഇത്തവണ ഓണാഘോഷ പരിപാടികള്‍ ഒരുക്കുന്നുണ്ട്. ഗസല്‍ സന്ധ്യ, നാടകോത്സവം, സാഹിത്യോത്സവം, ക്ലാസിക്കല്‍ ഡാന്‍സ്, നാടോടി കലോത്സവം, ആയോധന കലാപ്രദര്‍ശനം, കണ്ടംപററി ഡാന്‍സ്, സംഗീതോത്സവം എന്നിവയാണ് പ്രധാന പരിപാടികള്‍. പൂക്കളമത്സരം, പട്ടം പറത്തല്‍, പെയ്ന്റിംഗ്, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍, കമ്പവലി, പ്രദര്‍ശന ഫുട്‌ബോള്‍ മത്സരം തുടങ്ങിയവ ഇത്തവണത്തെ പ്രത്യേകതയായിരിക്കും. യോഗത്തില്‍ എ ഡി എം. കെ രാധാകൃഷ്ണന്‍, ഡി ടി പി സി സെക്രട്ടറി പി ജി രാജീവ്, സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, ഉമ്മര്‍ പാണ്ടികശാല, കാവില്‍ പി മാധവന്‍, ഭാസി മലാപറമ്പ്, ടി സുധാകരന്‍, അഡ്വ. എം രാജന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി ജി ശിവന്‍, തഹസില്‍ദാര്‍ റോഷ്‌നി നാരായണന്‍, വില്‍സണ്‍ സാമുവല്‍, അഡ്വ. എം പി സൂര്യനാരായണന്‍, കെ ടി ജോസഫ്, ശ്രീധരന്‍ പാലയാട് പങ്കെടുത്തു.