കെ എം എം എല്ലിലെ വാതകച്ചോര്‍ച്ച

Posted on: August 12, 2014 6:00 am | Last updated: August 12, 2014 at 12:26 am

SIRAJ.......ചവറ കെ എം എം എല്‍ കമ്പനിയിലെ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുകയാണ്. യന്ത്രത്തകരാര്‍ മൂലമാണ് ചോര്‍ച്ച സംഭവിച്ചതെന്നായിരുന്നു ആദ്യ നിഗമനം. അധികൃതരുടെ അനാസ്ഥയാണ് ചോര്‍ച്ചക്ക് കാരണമെന്നും കാലാവധി കഴിഞ്ഞ പഴഞ്ചന്‍ യന്ത്രങ്ങളാണ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നുമാരോപിച്ചു കമ്പനിക്ക് മുമ്പില്‍ പ്രതിഷേധ സമരം അരങ്ങേറുകയുമുണ്ടായി. ചോര്‍ച്ച അട്ടിമറി മുലമാണെന്നും അന്യസംസ്ഥാന കരിമണല്‍ ലോബിയാണിതിന് പിന്നിലെന്നുമുള്ള ആരോപണമാണ് പിന്നിട് ഉയര്‍ന്നു കേട്ടത്. തമിഴ്‌നാട്ടിലെ സ്വകാര്യ ലോബിക്ക് വേണ്ടി 56,000 ടണ്‍ കരിമണല്‍ ലേലം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ട് ഒരാഴ്ചക്കുള്ളിലാണ് കരിമണല്‍ അധിഷ്ഠിത പൊതുമേഖലാ സ്ഥാപനമായ കെ എം എം എല്ലില്‍ ചോര്‍ച്ച നടന്നതെന്നത് ഈ ആരോപണത്തിന് ബലമേകുന്നുണ്ട്.
കമ്പനിക്ക് അര കിലോമീറ്റര്‍ അകലെയുള്ള ശങ്കരമംഗലം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ക്കാണ് വിഷവാതക ബാധയുണ്ടായെന്ന് പറയപ്പെടുന്നത്. കമ്പനി പരിസരത്ത് നിരവധി വീടുകളും പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ ഓഫീസുകളും സ്ഥാപനങ്ങളും പ്രര്‍ത്തിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്നവരെയൊന്നും ബാധിക്കാതെ സ്‌കൂള്‍ കുട്ടികള്‍ക്ക് മാത്രമാണ് വിഷവാതക ബാധ അനുഭവപ്പെട്ടത്. ബുധനാഴ്ച വാതകച്ചോര്‍ച്ച മുലം 54 വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിട്ടും രണ്ടാം ദിവസവും വാതകച്ചോര്‍ച്ചയുണ്ടായതും അന്ന് ചോര്‍ച്ച അനുഭവപ്പെടുന്നതിന് മുമ്പ് തന്നെ കമ്പനിക്കു സമീപം ദേശീയ പാതയില്‍ പത്തോളം ആംബുലന്‍സുകള്‍ കാത്തുകിടന്നതും സന്ദേഹങ്ങളുയര്‍ത്തുന്നുണ്ട്. കുട്ടികളില്‍ വിഷബാധയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്ന് അവരെ പരിശോധിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ വിധിയെഴുതകയുമുണ്ടായി. മാനസിക പിരിമുറുക്കമായിരിക്കാം കുട്ടികളിലെ അസ്വസ്ഥതക്ക് കാരണമെന്നാണ് അവരുടെ നിഗമനം. എന്നാല്‍ സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനാണ് മെഡിക്കല്‍ സംഘം ഇത്തരമൊരു റിപോര്‍ട്ട് തയാറാക്കിയതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. ആകപ്പാടെ അതിസങ്കീര്‍ണവും ദുരൂഹവുമായി മാറിയിരിക്കയാണ് സംഭവം.
രാജ്യത്തെ ഏറ്റവും നല്ല ധാതുമണലാണ് കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ളത്. പ്രത്യേകിച്ചും ചവറിയലേത്. അവിടെ പതിമൂന്ന് കോടി ടണ്‍ ഖന ധാതു സമ്പുഷ്ടമായ മണലുണ്ട്. അതില്‍ തന്നെ എട്ടുകോടി ടണ്‍ ടൈറ്റാനിയത്തിന്റെ സാന്നിധ്യം കുടിയ ഇല്‍മനൈറ്റും. ചവറ കെ എം എം എല്ലിനും ഐ ആര്‍ ഇക്കും മാത്രമാണ് ഇതിന്റെ ഖനനാവകാശമുണ്ടായിരുന്നത്. പുറമെ തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനിയും കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയും ആണ് കേരളത്തിലെ ഇതിന്റെ ഉപഭോക്താക്കള്‍. അടുത്ത കാലത്തായി തമിഴ്‌നാട്ടിലെ വന്‍ വ്യവസായിയായ വൈകുണ്ഠരാജന്റെ അധീനതയില്‍ സി എ ആര്‍ എല്‍ എന്ന പേരില്‍ തമിഴ്‌നാട്ടില്‍ ഒരു ഡൈഓക്‌സൈഡ് നിര്‍മ്മാണ കമ്പനി ആരംഭിച്ചിട്ടുണ്ട്. കെ എം എം എല്‍ അടച്ചുപൂട്ടിയാല്‍ ഡൈഓക്‌സൈഡ് നിര്‍മാണ യൂനിറ്റടക്കം പ്രവര്‍ത്തിക്കുന്ന സി എ ആര്‍ എല്ലിനാണ് കൂടുതല്‍ നേട്ടം. മാത്രമല്ല, വൈകുണ്ഠരാജന്‍ പോലീസിന്റെയും ഒരു വിഭാഗം രാഷ്ടീയക്കാരുടെയും ഒത്താശയോടെ കേരള തീരത്ത് നിന്ന് അനധികൃതമായി വന്‍തോതില്‍ കരിമണല്‍ കടത്തിയതായി കണ്ടെത്തിയിട്ടുമുണ്ട്. ചവറ തീരമേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ കരിമണല്‍ മാഫിയക്ക് ഉന്നതകേന്ദ്രങ്ങളുടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നതും രഹസ്യമല്ല. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇവരുമായി അടുത്ത ബന്ധമുണ്ട്.
കമ്പനിയില്‍ എം ഡിയെ നിയമിച്ചതുമായി ബന്ധപ്പെട്ടു ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് വാതകച്ചോര്‍ച്ചയുമായി ബന്ധമുണ്ടോയെന്ന സന്ദേഹവും ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ കരിമണല്‍ ലോബിയുമായി അടുപ്പമുള്ളയാളെ എം ഡിയാക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരടക്കമുള്ള ഒരു ലോബി സജീവ നീക്കം നടത്തുന്നതിനിടെയാണ് അവരെ തഴഞ്ഞു നിലവിലെ എം ഡിയെ നിയമിക്കുന്നത്. സംഭവം അട്ടിമറി തന്നെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനമെന്നും ഫാക്ടറിയിലെ ചില ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നുമാണ് അറിയുന്നത്. സ്ഥാപനത്തില്‍ നിന്ന് വേതനവും ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോള്‍ തന്നെ അതിനെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഇവരെ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ഇന്റലിജന്‍സ് എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ALSO READ  മരട് ഫ്ലാറ്റ് തകർച്ചകളുടെ പ്രകമ്പനങ്ങൾ