Connect with us

Ongoing News

വൈദ്യുതി ലൈന്‍ മറിച്ചുനല്‍കിയത് റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന് അര്‍ഹമായ ലൈന്‍ ശേഷി മറ്റു സംസ്ഥാനങ്ങള്‍ക്ക് മറിച്ചു നല്‍കിയ പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ നടപടി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കി. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി ലൈനുകള്‍ പവര്‍ ഗ്രിഡ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ക്ക് മറിച്ചു നല്‍കിയെന്നാരോപിച്ച് കെ എസ് ഇ ബി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കേന്ദ്ര റെഗുലേറ്റി കമ്മീഷന്റെ ഉത്തരവ്. ഛത്തീസ്ഗഢില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വൈദ്യുതി കൊണ്ടുപോകാന്‍ ഡി ബി പവര്‍ എന്ന സ്വകാര്യ കമ്പനിക്ക് അനുവദിച്ച 208 മെഗാവാട്ടിന്റെ ലൈന്‍ ശേഷിയാണ് റദ്ദാക്കിയത്.

ഛത്തീസ്ഗഢില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് നാനൂറ് മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ കേരളം നല്‍കിയ ലൈന്‍ അപേക്ഷ അടിയന്തരമായി പരിഗണിച്ച് ഏഴ് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പവര്‍ ഗ്രിഡിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ ലൈന്‍ ശേഷിക്കായുള്ള കേരളത്തിന്റെ അപേക്ഷകള്‍ താമസിയാതെ പരിഗണിക്കുമെന്നും കേന്ദ്ര റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡി ബി പവറില്‍ പിടിച്ചെടുത്ത 208 മെഗാവാട്ട് ശേഷി പവര്‍ ഗ്രിഡ് കേരളത്തിന് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ വെറും മൂന്ന് മെഗാവാട്ട് വൈദ്യുതി എത്തിക്കാനുള്ള ലൈന്‍ ശേഷി മാത്രമാണ് കേരളത്തിന് ലഭിച്ചത്.
സംസ്ഥാനത്തിനു പുറത്തുനിന്ന് വൈദ്യുതി എത്തിക്കാന്‍ മുന്‍കൂട്ടി ലൈന്‍ ആവശ്യപ്പെട്ടിട്ടും അത് അനുവദിക്കാത്ത പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ നടപടി ഇവിടെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കു കാരണമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുള്ള ലൈന്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനധികൃതമായി മറിച്ചുനല്‍കിയതിനെതിരെ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ കെ എസ് ഇ ബി ലിമിറ്റഡ് സമീപിച്ചത്. ഇത്തരത്തില്‍ അനധികൃതമായി ലൈന്‍ കൈമാറിയതിന്റെ രേഖകളും തെളിവുകളും കേരളം ഹാജരാക്കിയത് പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ ഉത്തരവ്. 2014 ജൂണ്‍ മുതല്‍ മൂന്ന് വര്‍ഷത്തേക്ക് തമിഴ്‌നാടിന് പവര്‍ ഗ്രിഡ് അനുവദിച്ച മീഡിയം ടേം ഓപ്പണ്‍ ആക്‌സസ് റദ്ദാക്കാന്‍ ചെയര്‍മാന്‍ ഗിരീഷ് ബി പ്രധാന്‍, അംഗങ്ങളായ എം ദീനദയാലന്‍, എ കെ സിംഘല്‍ എന്നിവരടങ്ങിയ കമ്മീഷന്‍ ബഞ്ചാണ് ഉത്തരവായത്.
മറ്റു സംസ്ഥാനങ്ങള്‍ നല്‍കുന്നതിന് വളരെ മുമ്പ് തന്നെ ലൈനിനായി കേരളം അപേക്ഷിച്ചിരുന്നുവെങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ കേരളത്തിന്റെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. സ്വകാര്യ കമ്പനികളുടെ താത്പര്യപ്രകാരം വൈദ്യുതി ലൈനുകള്‍ മറിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആരോപണമുണ്ടായി. കേന്ദ്ര കമ്മീഷന്റെ ഉത്തരവിനെതിരെ കേന്ദ്ര വൈദ്യുതി അപ്പലറ്റ് ട്രൈബ്യൂണലിനെയും മദ്രാസ് ഹൈക്കോടതിയെയും സമീപിക്കാന്‍ തമിഴ്‌നാടും ഡി ബി പവറും തീരുമാനിച്ചിട്ടുണ്ട്.

Latest