പൊലീസുകാരിയെ കൈയിലെടുത്ത് ഷാരൂഖ് ഖാന്‍ നൃത്തമാടിയത് വിവാദമാകുന്നു

Posted on: August 11, 2014 12:19 pm | Last updated: August 11, 2014 at 12:47 pm

DANCE SHARUകൊല്‍ക്കത്ത: പരിപാടിക്കിടെ വനിതാ പൊലീസിനെ കൈയിലെടുത്ത് നൃത്തമാടിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ നടപടി വിവാദമാകുന്നു. യൂണിഫോമിലുള്ള പൊലീസുകാരിക്കൊപ്പമാണ് ഷാരൂഖ് നൃത്തമാടിയത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാദ നൃത്തം.
കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍  പൊലീസ് വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന പരിപാടിയിലാണ് സാമ്പ ഹൈദര്‍ എന്ന പൊലീസുകാരിക്കൊപ്പം ഷാരൂഖ് നൃത്തം ചെയ്തത്. ബംഗാളിന്റെ ബ്രാന്റ് അംബാസഡറായ ഷാരൂഖ് ചടങ്ങിലെ മുഖ്യാതിഥി കൂടിയായിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥ നൃത്തം ചെയ്ത് യൂനിഫോമിന്റെ മഹനീയത നഷ്ടപ്പെടുത്തിയെന്ന് മുന്‍ സിറ്റി പൊലീസ് കമീഷണര്‍ നിരുപം സോം അഭിപ്രായപ്പെട്ടു. പൊലീസിന്റെ അന്തസിനും അച്ചടക്കത്തിനും നിരക്കുന്നതല്ല ഇതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസ്, ബിജെപി നേതാക്കളും നൃത്തത്തിനെതിരെ രംഗത്തെത്തി. മുംബൈ പൊലീസ് നടത്താറുള്ള ഇത്തരം ഷോകള്‍ കൊല്‍ക്കത്തയിലും നടത്തിയെന്നേ ഉള്ളൂ എന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി.