Connect with us

Kozhikode

പോഷകാഹാരക്കുറവ്: ആദിവാസി കുടുംബത്തെ മോചിപ്പിച്ചത് കൊടുംകാട്ടിലെ ഗുഹയില്‍ നിന്ന്

Published

|

Last Updated

കോഴിക്കോട്: പോഷകാഹാരക്കുറവ് മൂലം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മൂന്ന് കുട്ടികള്‍ അടങ്ങുന്ന അഞ്ചംഗ കുടുംബത്തെ ആദിവാസി പ്രമോര്‍ട്ടര്‍മാര്‍ മോചിപ്പിച്ചത് കൊടും കാട്ടിലെ ഗുഹയില്‍ നിന്ന്.
മാഞ്ചേരി പാറപ്പുഴയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ കാല്‍നടയാത്ര ചെയ്താല്‍ മാത്രമെത്തുന്ന വിളക്കുമല കോളനിയലെ ഗുഹയില്‍ അന്തിയുറങ്ങിയും കായ്കനികള്‍ മാത്രം കഴിച്ചും കഴിഞ്ഞുകൂടുകയായിരുന്നു ഇവര്‍.
ആറും മൂന്നും രണ്ട് മാസവും പ്രായമായ കുട്ടികള്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതിനാല്‍ ഗുരുതരാവസ്ഥയിലായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആദിവാസി പ്രമോര്‍ട്ടര്‍മാര്‍ കാടുകയറി ഗുഹയിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട സമ്മര്‍ദ ഫലമായാണ് കൂടുംബം കാട്ടില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായത്. കാടിന് പുറത്തുള്ള ആശുപത്രി, ചികിത്സ, വാഹനം, തുടങ്ങിയ സൗകര്യങ്ങള്‍ കണ്ട് അത്ഭുതം കൂറിയ ഇവര്‍ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യുതി വെളിച്ചം കണ്ടപ്പോള്‍ വല്ലാതെ അസ്വസ്ഥരായി.
വിളക്കുമലയിലെ ആദിവാസികള്‍ക്ക് അധികൃതര്‍ ഭക്ഷ്യധാന്യങ്ങല്‍ വിതരണം ചെയ്യാറുണ്ടെങ്കിലും ഇവര്‍ പാചകം ചെയ്യില്ലത്രേ. കായ്കനികളാണ് ഇവര്‍ക്ക് ഇഷ്ടം. താമസം ഗുഹക്കുള്ളിലോ ഈറ്റകൊണ്ടുണ്ടാക്കിയ കുടിലിലോ ആണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ക്ക് പേര് പോലും നിശ്ചയിച്ചിട്ടില്ലായിരുന്നു. രജിസ്റ്ററില്‍ ചേര്‍ക്കാന്‍ വേണ്ടി ആശുപത്രി അധികൃതരാണ് പേര് നല്‍കിയത്.
കുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Latest