കള്ളപ്പണം: 24,000ലധികം രഹസ്യ രേഖകള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍

Posted on: August 11, 2014 7:21 am | Last updated: August 11, 2014 at 7:21 am

blackmoneyന്യൂഡല്‍ഹി: വിദേശത്ത് കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായി നടത്തിയ ആശവിനിമയത്തില്‍ ഇന്ത്യക്ക് 24,000ലധികം രഹസ്യ രേഖകള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍. 2013-14 സാമ്പത്തിക വര്‍ഷം പലപ്പോഴായി ലഭിച്ച ഈ രേഖകള്‍ നികുതി വെട്ടിപ്പിന്റെയും കള്ളപ്പണത്തിന്റെയും ശക്തമായ തെളിവുകളാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഈ വിവരങ്ങളെല്ലാം കള്ളപ്പണം അന്വേഷിക്കുന്ന പ്രത്യേക സംഘ(എസ് ഐ ടി)ത്തിന് കൈമാറിയിട്ടുണ്ട്.
ന്യൂസിലാന്‍ഡ്, സ്‌പെയിന്‍, ബ്രിട്ടന്‍, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും രേഖകള്‍ ലഭിച്ചിട്ടുള്ളതെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നികുതിപരമായ വിവരങ്ങള്‍ കൈമാറുന്നതിനുള്ള സ്ഥിരം സംവിധാനം വഴിയും വിവരകൈമാറ്റത്തിനായുള്ള കരാറുകളുടെ ഭാഗമായുമാണ് 24,085 രഹസ്യ രേഖകള്‍ ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്(സി ബി ഡി ടി) വിവിധ രാജ്യങ്ങളുമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍, നികുതി വിവര കൈമാറ്റ കരാര്‍ എന്നിവ ഒപ്പ് വെച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവഴി ലഭിച്ച വിവരങ്ങളുടെ തോത് വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ഇത് കള്ളപ്പണ വേട്ടയില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് എന്ന പാരീസ് ആസ്ഥാനമായ സംഘടന 34 അംഗ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൈമാറുന്നുണ്ട്. ന്യൂസിലാന്‍ഡ് 10,327 വിവരങ്ങളാണ് ഇന്ത്യന്‍ അധികൃതരുമായി പങ്കുവെച്ചത്. സ്‌പെയിന്‍(4,169), ബ്രിട്ടന്‍(3,164), സ്വീഡന്‍(2,404), ഡെന്‍മാര്‍ക്ക്(2,145), ഫിന്‍ലാന്‍ഡ്(685), പോര്‍ച്ചുഗല്‍(625), ജപ്പാന്‍(440), സ്ലോവേനിയ(44) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സംഭാവന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവരങ്ങള്‍ കൈമാറാനായി ഇന്ത്യ സമീപിച്ച മറ്റു രാജ്യങ്ങള്‍ ആസ്‌ത്രേലിയ, മെക്‌സിക്കോ, ഇറ്റലി, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തുടങ്ങിയവയാണ്. ഇവ നാമമാത്രമായ വിവരങ്ങളേ കൈമാറിയുള്ളൂ.
രാജ്യങ്ങള്‍ കൈമാറിയിട്ടുള്ള രേഖകളില്‍ ചിലത് അവ്യക്തവും അപ്രധാനവുമാണ്. എന്നാല്‍ ചില രേഖകള്‍ കള്ളപ്പണം സൂക്ഷിച്ചവരുടെ ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം ഉള്‍ക്കൊള്ളുന്നവയാണ്. രണ്ട് വര്‍ഷം മുമ്പാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം ജസ്റ്റിസ് എം ബി ഷായുടെ നേതൃത്വത്തില്‍ എസ് ഐ ടി രൂപവത്കരിച്ചത്. 11 അന്വേഷണ വിഭാഗങ്ങളുടെ മേധാവികളും എസ് ഐ ടിയില്‍ ഉള്‍പ്പെടും.