രാജ്‌നാഥ് ക്യാപ്റ്റന്‍; അമിത് ഷാ മാന്‍ ഓഫ് ദി മാച്ച്: മോദി

Posted on: August 10, 2014 12:25 am | Last updated: August 10, 2014 at 12:38 am

NARENDRA MODIന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മാന്‍ ഓഫ് ദി മാച്ച് അമിത് ഷായാണെന്നും ക്യാപ്റ്റന്‍ രാജ്‌നാഥ് സിംഗാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് മോദി ഇരുവരെയും പ്രശംസിച്ചത്. പുതിയ അധ്യക്ഷന്റെ കീഴില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അമിത് ഷാക്ക് ഉറപ്പും ആത്മവിശ്വാസവുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ ബി ജെ പിക്ക് യാതൊരു സ്ഥാനവും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ അവരുടെ ഉത്തരവാദിത്വം കൃത്യമായി നടപ്പാക്കിയതിനാലാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് ഭരണത്തിലേറാന്‍ സാധിച്ചത്. അതുകൊണ്ടു തന്നെ അവരെ തൃപ്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ടെന്നും മോദി ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിക്കാനും മോദി മറന്നില്ല. 60 വര്‍ഷം കിട്ടിയിട്ടും ഒന്നും ചെയ്യാത്തവരാണ് 60 ദിവസം കൊണ്ട് തങ്ങളോട് ചെയ്യാന്‍ പറയുന്നതെന്ന് മോദി പരിഹസിച്ചു.
രാജ്യത്ത് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിനായിരുന്നു ഇത്രകാലവും മുന്‍ഗണന. ഇനി ബി ജെ പിയുടെ ചിന്തകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്താനുള്ള സമയമാണിതെന്നും ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരും കൗണ്‍സില്‍ യോഗത്തിനെത്തിയിരുന്നു.