യു എ ഇയില്‍ മറൈന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

Posted on: August 9, 2014 6:38 pm | Last updated: August 9, 2014 at 6:38 pm

ദുബൈ: എല്ലാ മറൈന്‍ ക്രാഫ്റ്റ് ഡ്രൈവര്‍മാര്‍ക്കും അടുത്ത വര്‍ഷം ജനുവരി മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ദുബൈ മറൈന്‍ സിറ്റി അതോറിറ്റി(ഡി എം സി എ) തീരുമാനിച്ചു. ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതില്‍ നിന്നും ക്രാഫ്റ്റ് ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും കുറഞ്ഞ കാലം ഗ്രെയ്‌സ് പരിധി അനുവദിക്കുമെന്നും ഡി എം സി എ വ്യക്തമാക്കി. കടല്‍ യാത്രയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്രമായ ചട്ടങ്ങള്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. എല്ലാ വിഭാഗം ജല ഗതാഗത വാഹനങ്ങള്‍ക്കും ഉതകുന്ന രീതിയിലാവും ചട്ടങ്ങള്‍ ആവിഷ്‌ക്കരിക്കുക. നിയമം നടപ്പാക്കി തുടങ്ങുന്നതിന് മുമ്പായി ഇതിനുളള ചട്ടങ്ങളും നിയമങ്ങളും സമഗ്രമായി രൂപപ്പെടുത്തും. സുഗമമായ കടല്‍ സഞ്ചാരമാണ് ഇതിലുടെ ഡി എം സി എ ലക്ഷ്യമിടുന്നത്. തീരപ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കടലില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം ഏകീകകൃതമായ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരാനാണ് ലൈസന്‍സിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി എം സി എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമര്‍ അലി വ്യക്തമാക്കി. ഇത്തരം സര്‍വീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കലും ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ്. സുരക്ഷിതമായി ദുബൈയുടെ തീരക്കടലില്‍ സഞ്ചരിക്കാവുന്ന അവസ്ഥ ഉണ്ടാക്കാനാണ് ഡി എം സി എ ലക്ഷ്യമിടുന്നത്. ദുബൈ തീരങ്ങളുടെ സുരക്ഷയും സംരക്ഷണവും ഡി എം സി എയുടെ മുഖ്യ അജണ്ടയായതിനാലാണ് ഈ രംഗത്ത് നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. ലൈസന്‍സിനെക്കുറിച്ച് ഉടമകളെയും ഡ്രൈവര്‍മാരെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് അറബി ദിനപത്രങ്ങളില്‍ പരസ്യം നല്‍കും. ഇതോടൊപ്പം ഇംഗ്ലീഷ്, അറബി, ഹിന്ദി ഭാഷകളില്‍ റേഡിയോകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ലൈസന്‍സ് നടപ്പാവുന്നതോടെ കായികമായും വാണിജ്യപരമായും വിനോദസഞ്ചാരത്തിനുമായി കടലില്‍ ഇറക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെല്ലാം ലൈസന്‍സ് നിര്‍ബന്ധമാവും. ലൈസന്‍സ് എടുക്കാതെ ബോട്ടുകള്‍ ഉള്‍പ്പെടയുള്ള ജലവാഹനങ്ങള്‍ കടലില്‍ ഇറക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. വിശ്രമത്തിനുള്ള വലിയ ബോട്ടുകള്‍, ആഡംബര നൗകകള്‍, വാണിജ്യത്തിനുള്ള പത്തേമാരികളും കപ്പലുകളും പരമ്പരാഗത ലോഞ്ചുകള്‍ എന്നിവയെല്ലാം ലൈസന്‍സിന്റെ പരിധിയില്‍ വരും. പരമ്പരാഗത ലോഞ്ചുകള്‍ നിയന്ത്രിക്കുന്ന ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രംഗത്തെ ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളായ മറൈന്‍ റഡാറിനെക്കുറിച്ച് സാമാന്യ വിവരം നേടേണ്ടതാണ്. യാത്രാ പഥങ്ങളുടെ ഭൂപടം, പ്രഥമ ശുശ്രൂഷ, അഗ്നി ശമനം, ജല മലിനീകരണം തുടങ്ങിയവയെക്കുറിച്ചും ഡ്രൈവര്‍മാര്‍ ബോധവാന്‍മാരായിരിക്കണമെന്നും അമര്‍ അലി പറഞ്ഞു.