ഇസ്‌റാഈലിനെതിരെ തൂലിക കൊണ്ടാണ് താന്‍ പ്രതികരിക്കുന്നത്: ല്യാനിബദര്‍

Posted on: August 9, 2014 1:23 am | Last updated: August 9, 2014 at 1:23 am

തൃശൂര്‍: ഒരോ ഫലസ്തീനിയും ജനിക്കുന്നത് തന്നെ ഇസ്‌റാഈലിന്റെ അധിനിവേശത്തിനെതിരെ പ്രതികരിക്കാന്‍ വേണ്ടിയാണ്. ഫലസ്തീന്‍ ജനത മുഴുവന്‍ ഇസ്‌റാഈലിനെതിരെ പ്രതികരിക്കുന്നു. ഞാന്‍ എന്റെ തൂലിക കൊണ്ടാണെന്നും കവയിത്രി ല്യാനി ബദര്‍ പറഞ്ഞു. സാഹിത്യ അക്കാദമി ഹാളില്‍ മലയാളം- അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത്്് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബങ്ങളോ സൗഹൃദ ബന്ധങ്ങളോ ഞങ്ങള്‍ക്കില്ല.-വേദന നിറഞ്ഞ വാക്കുകള്‍കൊണ്ടവര്‍ വികാരഭരിതയായി. ഇസ്‌റാഈല്‍ അധിനിവേശത്തിന് നിരന്തരമായി ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീനിന്റെ മണ്ണില്‍ നിന്നാണ് കവയിത്രി എത്തിയിരിക്കുന്നത്. ആറര പതിറ്റാണ്ടായി സ്വന്തം നാട്ടില്‍ അഭയാര്‍ഥിതിയായാണ് ഓരോ ഫലസ്തീനിയും ജീവിക്കുന്നത്. ഒരിക്കല്‍ പോലും രാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. സമാധാനമായി ജീവിക്കാന്‍ കഴിയുന്ന ഒരു ദിനമാണ് എല്ലാ ഫലസ്തീനികളെപോലെ തന്റെയും സ്വപ്‌നം. ഗാസയില്‍ ഇസ്‌റാഈല്‍ അധിനിവേശം തുടരുന്നത്രയും കാലം ഫലസ്തീന്‍ ജനതയുടെ സ്വപ്‌നം സഫലമാകില്ല.
ഗാസ മെഡിറ്റേറിയന്‍ കടലിനോടു ചേര്‍ന്ന് 70 കിലോമീറ്റര്‍ ചുറ്റളവിലുള്ള രാജ്യമാണ്. ഗാസയുടെ 40 ശതമാനത്തോളം ഭാഗം ഇപ്പോള്‍ തന്നെ ഇസ്‌റാഈല്‍ കൈയേറി കഴിഞ്ഞു. അവരുടെ ലക്ഷ്യം ഞങ്ങളുടെ രാജ്യം പിടിച്ചെടുക്കുകയെന്നതാണ്.
ഇപ്പോള്‍ തന്നെ അര കോടിയോളം ജനങ്ങള്‍ സ്വന്തം രാജ്യത്ത് അഭയാത്രികളായാണ് ജീവിക്കുന്നത്. സ്വന്തം നാട്ടില്‍ ഇങ്ങനെ ജീവിക്കേണ്ടി വരുന്ന വേറെയൊരു ജനത ലോകത്തില്‍ തന്നെയുണ്ടാവില്ല. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ വേണ്ടിയുളള പോരാട്ടത്തിന്് ലോക രാജ്യങ്ങളുടെ പിന്‍തുണ കൂടിയേതീരൂവെന്നും ല്യാനി ബദര്‍ പറഞ്ഞു.