ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് :സര്‍വീസ് ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി

Posted on: August 9, 2014 12:18 am | Last updated: August 9, 2014 at 1:18 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ എ എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ പി എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ എഫ് എസ്) എന്നിവയുടെ സര്‍വീസ് ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. കൃത്യനിര്‍വഹണത്തില്‍ ഉയര്‍ന്ന ധാര്‍മികത സൂക്ഷിക്കുന്നതിനും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കുന്നതിനുമാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്ന് കേന്ദ്ര ഉദ്യോഗസ്ഥകാര്യ വകുപ്പ് അറിയിച്ചു.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളോട് കൃത്യമായി പ്രതികരിക്കുകയും നല്ല പെരുമാറ്റവും മാന്യതയും കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടങ്ങളെന്നും വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ആള്‍ ഇന്ത്യാ സര്‍വീസ് (കണ്ടക്ട്) അമന്‍ഡ്‌മെന്റ് റൂള്‍സ് 2014, പൊതു ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ കടന്നു കൂടുന്നത് ശക്തമായി വിലക്കുന്നു. വ്യക്തികളുമായോ സംഘടനകളുമായോ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ബാധ്യതകള്‍ സൂക്ഷിക്കരുത്. സ്വന്തക്കാര്‍ക്ക് സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടാകുന്ന തരത്തില്‍ തീരുമാനങ്ങളെടുക്കരുത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പരമാവധി രഹസ്യാത്മകത സൂക്ഷിക്കണമെന്നും ഭേദഗതിയില്‍ പറയുന്നു.
ധാര്‍മികമായ ഉന്നത നിലവാരവും സത്യസന്ധതയും വിശ്വാസ്യതയും നിഷ്പക്ഷതയും സത്യാസത്യങ്ങള്‍ കണക്കിലെടുത്തുമുള്ള തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ശേഷിയുള്ള സിവില്‍ സര്‍വീസാണ് നിയമം ലക്ഷ്യമിടുന്നത്.
തീരുമാനങ്ങള്‍ എടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ആള്‍ ഇന്ത്യാ സര്‍വീസ് റൂള്‍സ് -1968 ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥരെ കുറിച്ച് കൂടുതലായി പരാമര്‍ശിക്കുന്നില്ല. ഈ കുറവ് പരിഹരിക്കാനാണ് ഭേദഗതി നിയമം പ്രാബല്യത്തിലാക്കുന്നതെന്ന് ഉദ്യോഗസ്ഥകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐ എ എസ് ഉദ്യോഗസ്ഥരുടെ അംഗബലം ഇപ്പോള്‍ 6270 ആണ്.
ഐ പി എസില്‍ 4728ഉം ഫോറസ്റ്റ് സര്‍വീസില്‍ 3,131ഉം ആണ് ഇത്.