ഓളപ്പരപ്പിലെ രാജാവ് ചമ്പക്കുളം ചുണ്ടന്‍

Posted on: August 9, 2014 8:00 pm | Last updated: August 10, 2014 at 12:38 am

vallamkali

ആലപ്പുഴ: വള്ളംകളി പ്രേമികളെ ആവേശക്കൊടുമുടിയിലെത്തിച്ച് ഓളപ്പരപ്പില്‍ മിന്നായം തീര്‍ത്ത ചമ്പക്കുളം ചുണ്ടന്‍ നെഹ്‌റുട്രോഫിയില്‍ മുത്തമിട്ടു. രണ്ടും മൂന്നും നാലും സ്ഥാനക്കാരോട് ഇഞ്ചോടിഞ്ച് പൊരുതി സെക്കന്റുകളുടെ വ്യത്യാസത്തിനാണ് ചമ്പക്കുളം നെഹ്‌റുട്രോഫിയില്‍ മുത്തമിട്ടത്. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബ് (യു ബി സി കൈനകരി)താരങ്ങളുടെ തുഴപ്പെരുക്കത്തില്‍ ചമ്പക്കളം ചുണ്ടന്‍ നെഹ്‌റു ട്രോഫി ജേതാവായപ്പോള്‍ ചമ്പക്കുളത്തിന്റെയും യു ബി സിയുടെയും തിരിച്ചുവരവിന്റെ കൂടി ആരവം മുഴക്കലായി. പുന്നമടക്കായലിന്റെ തീരങ്ങളില്‍ ആര്‍പ്പുവിളികളും ആരവവുമായി തടിച്ചുകൂടിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ഫൈനല്‍ മത്സരത്തില്‍ നാല് മിനിറ്റ് 37.11 സെക്കന്റുകൊണ്ടാണ് ജോര്‍ജ്ജ് തോമസ് തേവര്‍കാട് ക്യാപ്റ്റനായ യു ബി സി ക്ലബ്ബ് നെഹ്‌റുവിന്റെ കൈയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പ് 21 വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടനാടിന് നേടിക്കൊടുത്തത്. അരുണ്‍കുമാര്‍ കാര്‍ത്തിപ്പള്ളി ക്യാപ്റ്റനായ ശ്രീഗണേശന്‍ ചുണ്ടനിലെത്തിയ കൈനകരി ഫ്രീഡം ബോട്ട് ക്ലബ്ബ് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നാല് മിനിറ്റും 39.23 സെക്കന്റും കൊണ്ട് റണ്ണര്‍ അപ്പായി. നെഹ്‌റുട്രോഫിയില്‍ നിരവധി തവണ അട്ടിമറി വിജയങ്ങള്‍ സൃഷ്ടിച്ച കൊല്ലം ജീസസ്സ് ബോട്ട് ക്ലബ്ബ് ബിനോയ് മാത്യുവിന്റേയും ബ്ലസന്‍ മൂന്നുതൈക്കന്റേയും ക്യാപ്റ്റന്‍സിയില്‍ ഇല്ലിക്കളം ചുണ്ടനില്‍ നാല് മിനിറ്റ് 41.12 സെക്കന്റും കൊണ്ട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. രഞ്ചു എബ്രഹാം വലിയേടത്ത്, ജോര്‍ജ്ജ് കുട്ടി ചേക്കപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പുന്നമട ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് നാല് മിനിറ്റ് 43.27 സെക്കന്റുകൊണ്ടാണ് നാലാം സ്ഥാനത്തെത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ വെള്ളം കുളങ്ങരയും സെക്കന്റ് ലൂസേഴ്‌സില്‍ കുമരകം വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ദേവാസും ഒന്നാമതെത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവനാണ് നാലാംസ്ഥാനക്കാരില്‍ ഒന്നാമന്‍. വെപ്പ് എ ഗ്രേഡില്‍ പരിപ്പ് അമ്പലക്കടവ് ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവന്‍ ഒന്നാമതെത്തി. ബി ഗ്രേഡ് വെപ്പില്‍ ആലപ്പുഴ വടക്കേ ആറ്റുപുറം പുഞ്ചകലാകായിക വേദിയുടെ ഡ്യൂക്കാണ് ജേതാവ്. ഇരുട്ടുകുത്തി എ ഗ്രേഡില്‍ മാമ്പുഴക്കരി കുട്ടനാട് ബോട്ട് ക്ലബ്ബിന്റെ മുന്നുതൈക്കനാണ് ജേതാവ്. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ ചേന്നങ്കരി ബോട്ട് ക്ലബ്ബിന്റെ താണിയന്‍ വിജയിയായി. വനിതകളുടെ തെക്കനോടി മത്സരത്തില്‍ വനിതാ ബോട്ട് ക്ലബ്ബ് കൈനകരിയുടെ കമ്പനി വള്ളം ഒന്നാമതെത്തി. തെക്കനോടി തറ വിഭാഗത്തില്‍ നെഹ്‌റുട്രോഫി വാര്‍ഡിലെ സംഗീത ബോട്ട് ക്ലബ്ബിന്റെ ദേവസ് ആണ് വിജയി. ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ മുട്ടാര്‍ സണ്ണി വാട്ടര്‍ സ്‌പോര്‍ട്ട്‌സ് അക്കാദമിയുടെ കോടിമാതയാണ് ജേതാവ്. ഗവര്‍ണര്‍ ഷീലാദീക്ഷിത്ത് ജലമേള ഉദ്ഘാടനം ചെയ്തു. നെഹ്‌റുട്രോഫി നടത്തിപ്പിന് അരലക്ഷം രൂപയുടെ സ്ഥിരം ഗ്രാന്റ് അനുവദിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി എ പി അനില്‍കുമാര്‍, എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം എല്‍ എ മാര്‍, നഗസഭാ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാനാ മാസിഡോ, ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ സംബന്ധിച്ചു.