Connect with us

Kozhikode

ഇറച്ചിക്കോഴികളിലെ ആന്റിബയോട്ടിക് ഉപയോഗത്തെപ്പറ്റി വെറ്ററിനറി യൂനിവേഴ്‌സിറ്റി പഠനം നടത്തും

Published

|

Last Updated

കല്‍പ്പറ്റ: കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി സംസ്ഥാന പൗള്‍ട്രി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് ഇറച്ചിക്കോഴിയിലെ ആന്റിബയോട്ടിക് ഉപയോഗത്തെ പറ്റി ആഘാതപഠനം നടത്തും. യൂണിവേഴ്‌സിറ്റിയിലെ ഫാര്‍മക്കോളജി വിഭാഗമാണ് പഠനത്തിന് നേതൃത്വം നല്‍കുക.
നേരത്തെ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
50 സാമ്പിളുകള്‍ എടുത്ത് നടത്തിയ ഈ പരിശോധനയില്‍ 40 ശതമാനത്തിനും ആന്റിബയോട്ടികിന്റെ ഉപയോഗം കണ്ടെത്തിയിരുന്നു. വെറ്ററിനറി യൂണിവേഴ്‌സിറ്റി നടത്തുന്ന പഠനത്തില്‍ കേരളത്തിലെ പ്രധാന വിപണികളിലെ സാമ്പിളുകള്‍ ശേഖരിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഫാക്കല്‍ട്ടി അബ്ദുള്‍മുനീര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക് ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത നിഷിപ്തതാല്‍പര്യത്തിന്റെ ഭാഗമാണെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍ കെ വര്‍ഗീസ് കുറ്റപ്പെടുത്തി. വാര്‍ത്ത പരന്നത് ഇറച്ചിക്കോഴി വ്യവസായത്തെയും ആയിരക്കണക്കിന് കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആന്റിബയോട്ടിക് കുത്തിവെച്ചാല്‍ ഒരു കാരണവശാലും തൂക്കം വര്‍ധിക്കില്ല.
കോഴികള്‍ക്ക് രോഗം വരുമ്പോള്‍ ആയൂര്‍വ്വേദ മരുന്നുകളാണ് കേരളത്തിലെ ഫാമുകളില്‍ നല്‍കുന്നത്. വെറ്റിലനീര്, ആടലോടകം തുടങ്ങിയ പച്ചമരുന്നുകളാണ് കോഴികള്‍ക്ക് രോഗം വരുമ്പോള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഈ വ്യവസായത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായി മന്ത് രോഗികളുടെ സിറം കുത്തിവെക്കുന്നതായി ആരോപണമുയര്‍ന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറച്ചിക്കോഴികള്‍ക്ക് അതിന്റെ വളര്‍ച്ചക്ക് ഉതകുന്ന വിധത്തിലുള്ള തീറ്റ മാത്രം കൊടുത്താണ് വളര്‍ത്തിയെടുക്കുന്നതെന്ന് കൃഷി വിജ്ഞാന്‍ കേന്ദ്രം പ്രഫസര്‍ ഡോ. രാധമ്മാപിള്ള വ്യക്തമാക്കി.
ശരാശരി മൂന്നര കിലോ തൂക്കം വരുന്ന തീറ്റ നല്‍കി 45 ദിവസം കൊണ്ട് പരമാവധി രണ്ടരകിലോ എന്ന രീതിയിലാണ് കോഴികളെ വളര്‍ത്തിയെടുക്കുന്നത്. ഇതിനിടയില്‍ രണ്ട് വാക്‌സിനേഷന്‍ മാത്രമാണ് നല്‍കുന്നതെന്നും ഇറച്ചിക്കോഴികളെ കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള അവര്‍ വ്യക്തമാക്കി.

Latest