എയര്‍ഹോണ്‍; 117 ബസുകള്‍ക്കെതിരെ നടപടി

Posted on: August 8, 2014 10:32 am | Last updated: August 8, 2014 at 10:32 am

air hornകോഴിക്കോട്: നിയമം ലംഘിച്ച് എയര്‍ഹോണ്‍ മുഴക്കിയ ബസുകള്‍ക്കെതിരെ നടപടി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലായി എയര്‍ഹോണ്‍ ഉപയോഗിച്ച 117 ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെതുടര്‍ന്നാണ് നടപടി. നേരത്തെ നിരവധി തവണ ഇതു സംബന്ധിച്ച് ബസുകള്‍ക്ക് താക്കീത് നല്‍കിയിരുന്നു.

ടൗണിലും വിദ്യാലയ പരിസരങ്ങളിലും ആശുപത്രി പരിസരങ്ങളിലും നിയമം ലംഘിച്ച് ഹോണുകള്‍ ഉപയോഗിക്കുന്നത് പതിവായിരുന്നു. വാഹനപരിശോധനക്കിടയില്‍ കണ്ടെത്തിയ എയര്‍ഹോണുകള്‍ നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നും നിയമം ലംഘിച്ച് ഇത് ഉപയോഗിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് 130 വാഹനങ്ങള്‍ക്കെതിരെയും യൂനിഫോം ധരിക്കാത്തതിന് 135 ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തു. മറ്റു വിവിധയിനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് 1150 കേസുകളും രേഖപ്പെടുത്തി. വിവിധയിനങ്ങളില്‍ 4,46,500 രൂപ പിഴയായി ഈടാക്കി. ഉത്തരമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ രാജീവ് പുത്തലത്തിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. തുടര്‍ന്നും ഇത്തരത്തില്‍ പരിശോധന നടത്തുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.