Connect with us

Gulf

ദുബൈ ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 1.6 ലക്ഷമായി ഉയര്‍ന്നു

Published

|

Last Updated

ദുബൈ: 1.6 ലക്ഷം കമ്പനികള്‍ മൊത്തം രജിസ്റ്റര്‍ ചെയ്തതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത ചേംബറുകളുടെ പട്ടികയില്‍ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റെസ്ട്രിയും ഇടം പിടിച്ചു. 2014ന്റെ ആദ്യ ആറു മാസങ്ങളില്‍ മാത്രം 8,700 കമ്പനികളാണ് ദുബൈ ചേംബറില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെയാണ് മൊത്തം എണ്ണം 1.6 ലക്ഷമായി ഉയര്‍ന്നത്. 2013ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 24.3 ശതമാനം വളര്‍ച്ചയാണ് ദുബൈ ചേംബറിന് ഉണ്ടായിരിക്കുന്നത്. 2013ല്‍ രജിസ്റ്റര്‍ ചെയ്തത് 7,000 കമ്പനികള്‍ മാത്രമായിരുന്നു.
ദുബൈയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ കമ്പനികള്‍ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് കമ്പനികളുടെ രജിസ്‌ട്രേഷനില്‍ ഈ വര്‍ഷം റെക്കാര്‍ഡ് വര്‍ധനവ് ഉണ്ടായതെന്ന് ദുബൈ ചേംബര്‍ സി ഇ ഒയും പ്രസിഡന്റുമായ ഹമാദ് ബുആമിന്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ നിന്നുള്ള കയറ്റുമതിയിലും പുനര്‍ കയറ്റുമതിയിലും വന്‍ വര്‍ധനവാണ് ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ സംഭവിച്ചിരിക്കുന്നത്. വിദേശ കമ്പനികള്‍ക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രമായി നഗരം മാറിയെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.