ചെയര്‍മാന്‍ ഖുദ്ദൂസ് സ്ഥാനമൊഴിയുന്നു; പി വി രാജേഷ് പുതിയ ചെയര്‍മാനാകും

Posted on: August 7, 2014 10:39 am | Last updated: August 7, 2014 at 10:39 am

PalakkadMunicipalityOfficeBuildingപാലക്കാട്: പി വി രാജേഷ് പാലക്കാട് നഗരസഭയുടെ പുതിയ ചെയര്‍മാനാകും. നിലവിലെ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ അബ്ദുല്‍ഖുദ്ദൂസ് രാജിവെക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.
പത്രസമ്മേളനത്തിലാണ് ഖുദ്ദൂസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാവൈസ്പ്രസിഡന്റ് എം എം ഹമീദ്, പിവി രാജേഷ്, മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ ടി എ അബ്ദുല്‍ അസീസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
കോണ്‍ഗ്രസിലെ ധാരണപ്രകാരം ആറുമാസം മുമ്പ് ഖുദ്ദൂസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ തനിക്കെതിരെ അഴിമതികേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അത് തീര്‍പ്പായശേഷം രാജിവെക്കാമെന്നായിരുന്നു ഖുദ്ദൂസിന്റെ നിലപാട്.
കഴിഞ്ഞദിവസം ഇതുസംബന്ധിച്ച വിജിലന്‍സ് കേസ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാജി ചര്‍ച്ച നടന്നത്. മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് ജില്ലാ, മണ്ഡലം, മുനിസിപ്പല്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
കെ പി സി സി പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും ഖുദ്ദൂസിന്റെ ഭാവിയിലെ സേവനം പൂര്‍ണമായും യു ഡി എഫ് അംഗീകരിക്കുമെന്നും ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ വ്യക്തമാക്കി. ഖുദ്ദൂസ് രാജിവെക്കാത്തതിനെ തുടര്‍ന്ന് യു ഡി എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും ക്വാറം തികയാത്തതിനാല്‍ ചര്‍ച്ചക്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ വിപ്പ് ലംഘിച്ചതിന് കോണ്‍ഗ്രസ് നേതൃത്വം ഖുദ്ദൂസിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കുമെന്നും ഖുദ്ദൂസ് ഇപ്പോഴും കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗമാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
ഒരു ഉപാധിയുമില്ലാതെയാണ് ഖുദ്ദൂസിന്റെ രാജിയെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ മുമ്പിലുള്ള കേസും പിന്‍വലിക്കും. 16ന് ഖുദ്ദൂസ് രാജിവെച്ച ശേഷം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിവന്നാല്‍ മത്സരം നടക്കും.
യു ഡി എഫിന്റെ ഐക്യകണ്‌ഠേനയുള്ള സ്ഥാനാര്‍ഥിയാവും പി വി രാജേഷ്. ഖുദ്ദൂസിനെതിരായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ആരോപണങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും ചോദ്യത്തിന് മറുപടിയായി ബാലചന്ദ്രന്‍ പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് കെ ബി എ സമദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ ബാലന്‍, മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരായ വി എ നാസര്‍, എ ഇ മുഹമ്മദ് ഇസ്മായില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. യു ഡി എഫിന് 26 അംഗങ്ങളാണ് 52അംഗ നഗരസഭയിലുള്ളത്. ബി ജെ പിക്ക് 18ഉം സി പി എമ്മിന് എട്ടും അംഗങ്ങളാണുള്ളത്.
മുസ്‌ലിംലീഗിന് ആറംഗങ്ങളാണുള്ളത്. പ്രശ്‌നം വിജയകരമായി പര്യവസാനിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മുസ്‌ലിംലീഗ് നേതാക്കളായ എം എം ഹമീദും അബ്ദുല്‍അസീസും അറിയിച്ചു.