വേങ്ങര എയ്ഡഡ് കോളജ് മാനേജ്‌മെന്റിന് സ്വാശ്രയ കോളജും

Posted on: August 7, 2014 10:17 am | Last updated: August 7, 2014 at 10:17 am

വേങ്ങര: സര്‍ക്കാര്‍ കോളജ് അട്ടിമറിച്ച് എയ്ഡഡ് മേഖലയില്‍ തരപ്പെടുത്തിയ മലബാര്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ സ്വാശ്രയ കോളജും ആരംഭിക്കുന്നു.
ഇതോടെ വിദ്യാഭ്യാസ കച്ചവടത്തിനിടയാക്കുന്ന ട്രസ്റ്റിന് ആരോപണത്തിന്റെ ശക്തമായ പിന്തുണയായി. കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ബജറ്റില്‍ വേങ്ങര മണ്ഡലത്തിന് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിച്ചത്. പ്രസ്തുത കോളജിന് ആവശ്യമായ സ്ഥലം ലഭ്യമല്ലെന്ന് കാണിച്ച് മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളും മുസ്‌ലിം ലീഗുകാരായ പണക്കാരുമടങ്ങുന്ന പതിമൂന്നംഗ ട്രസ്റ്റ് രൂപവത്കരിച്ച് കോളജ് എയ്ഡഡ് മേഖലയില്‍ തരപ്പെടുത്തിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
അതേ സമയം കോഴ വാങ്ങാത്ത മാതൃക കോളജാവുമെന്നായിരുന്നു ട്രസ്റ്റ് അധികൃതരുടെ വാദം. ട്രസ്റ്റിന് നേതൃത്വം നല്‍കുന്നവരില്‍ വിദ്യാഭ്യാസ കച്ചവടക്കാരുമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഒരു വിഭാഗം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെ ട്രസ്റ്റിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഊരകം ഗ്രാമ പഞ്ചായത്തില്‍ ഭൂമി വിലക്ക് വാങ്ങിയിരുന്നു. ശേഷം നിലവിലുണ്ടായിരുന്ന മാലാപറമ്പിലെ സ്വാശ്രയ സ്‌കൂള്‍ ട്രസ്റ്റ് വിലക്കു വാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ അധ്യായന വര്‍ഷം ഊരകം നെല്ലിപ്പറമ്പിലെ മദ്‌റസ കെട്ടിടത്തില്‍ ആരംഭിച്ച കോളജ് ഇന്ന് മുതല്‍ വിലക്കെടുത്ത മാലാപറമ്പ് സ്വാശ്രയ സ്‌കൂള്‍ ക്യാമ്പസിലേക്ക് മാറ്റുകയാണ്. ഇതിനിടക്കാണ് ഇതേ ട്രസ്റ്റിന്റെ കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സ്വാശ്രയ കോളജും തുടങ്ങുന്നത്. ബി കോം ട്രാവല്‍ ആന്‍ഡ് ടൂറിസം, ബി എ ഇകണോമിക്‌സ്, ബി എസ് സി സൈക്കോളജി, കോഴ്‌സുകള്‍ സ്വശ്രയ മേഖലയില്‍ ഈ വര്‍ഷം ആരംഭിക്കാനാണ് നീക്കം. സ്വാശ്രയ കോളജ് ആരംഭിക്കുന്നതോടെ ട്രസ്റ്റിനെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധത്തിന് വീര്യമേകും.
പെട്രോള്‍ പമ്പുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം
മലപ്പുറം: ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ പെട്രോള്‍ പമ്പുകളില്‍ വര്‍ധിച്ച് വരുന്ന മോഷണത്തിന് അറുതി വരുത്താന്‍ രാത്രി കാലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കണം. ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ അളവ് തൂക്ക കാര്യക്ഷമത പരിശോധനക്ക് സര്‍ക്കാര്‍ വാഹനങ്ങളില്‍ വരണം. പെട്രോള്‍ പമ്പുകള്‍ക്കെതിരെ ഉദ്യോഗ തലത്തിലും സാമൂഹ്യ വിരുദ്ധ ശക്തികളും നടത്തുന്ന വിവിധ രീതിയിലുള്ള അക്രമങ്ങള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ കെ അഹ്മദ്, എം കെ ഗോപി, എം സി പുഷ്പരാജ്, പി മുഹമ്മദ് അശ്‌റഫ് പങ്കെടുത്തു.