മൊബൈല്‍ഷോപ്പില്‍ മോഷണം നടത്തിയ ബംഗാള്‍ സ്വദേശികളായ നാല് പേര്‍ പിടിയില്‍

Posted on: August 7, 2014 10:15 am | Last updated: August 7, 2014 at 10:15 am

mobile phoneമലപ്പുറം: കഴിഞ്ഞ മാസം അഞ്ചിന് മലപ്പുറം കോട്ടപ്പടിയിലെ സ്‌പെന്‍സര്‍ മൊബൈല്‍ഷോപ്പില്‍ നിന്നും മുന്നൂറോളം വിലകൂടിയ മൊബൈല്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ബംഗാള്‍ സ്വദേശികളായ നാല് പേര്‍ പിടിയില്‍.
പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ സിര്‍ബത്തി ഗ്രാമത്തിലുള്ള ശറഫുല്‍ ശെയ്ക്(24), ബരാരി ഗ്രാമത്തിലുള്ള റബിയുല്‍ ശെയ്ക്(20) എന്നിവരെ പശ്ചിമ ബംഗാളില്‍ നിന്നും സബര്‍ദുംപൂര്‍ ഗ്രാമത്തിലുള്ള ബികാസ് ചന്ദ്ര(20), പല്ലാവകട്ചി ഗ്രാമത്തിലുള്ള ഹസ്ബുല്‍ ഷെയ്ക് എന്നിവരെ വയനാട്ടില്‍ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകളുമായി ഇവര്‍ നേരെ ബംഗാളില്‍ പോയി വില്‍പ്പന നടത്തുകയായിരുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. തുടര്‍ന്ന് മലപ്പുറം എസ് ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം ബംഗാളിലേക്ക് തിരിച്ചു.
അവിടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ രണ്ട്‌പേരെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. ഇവരെ ചോദ്യ ചെയ്തതില്‍ നിന്നാണ് ഇവരെ സഹായിച്ച രണ്ട് പേര്‍ വയനാട്ടിലുണ്ടെന്ന് വിവരം ലഭിച്ചത്.
തുടര്‍ന്ന് മലപ്പുറം സി ഐയുടെ നേതൃത്വത്തില്‍ പോലീസ് വയനാട്ടില്‍ നിന്ന് രണ്ടുപേരെയും പിടികൂടി. പ്രതികളെ ഇന്ന് മലപ്പുറം ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കും. കവര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പ്രതികള്‍ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നും മോഷണം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.