ജില്ലയില്‍ ഏഴ് വീടുകള്‍ ഇന്നലെ തകര്‍ന്നു; അഞ്ച് ഹെക്ടര്‍ കൃഷി നശിച്ചു

Posted on: August 7, 2014 10:13 am | Last updated: August 7, 2014 at 10:13 am

heavy-rain2കോഴിക്കോട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴക്കൊപ്പം നാശവും തുടരുന്നു. ഒരാഴ്ചയായി തുടരുന്ന മഴയില്‍ കനത്ത നഷ്ടമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. ഇതു വരെ നിരവധി വീടുകള്‍ ഭാഗികമായും ചിലത് പൂര്‍ണമായും തകര്‍ന്നു. ഏക്കര്‍ കണക്കിന് കൃഷിയാണ് മഴയില്‍ നശിച്ചത്. ഇന്നലെ മാത്രം ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 14,30,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പെരുമണ്ണ വില്ലേജിലെ കുറ്റിയില്‍പറമ്പ് കാഞ്ചന, കുറ്റിയില്‍ പറമ്പ് റിയാസ് ഷെരീഫ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. രാമനാട്ടുകര കൃഷിഭവന്‍ പ്രദേശത്ത് അഞ്ച് ഹെക്ടര്‍ സ്ഥലത്തെ 14 കര്‍ഷകര്‍ക്ക് 1,48,000 രൂപയുടെ കൃഷി നാശമുണ്ടായി. പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. വെള്ളം ഇറങ്ങിയതിന് ശേഷമേ നഷ്ടം കണക്കാക്കാനാകൂ.

തകര്‍ത്തുപെയ്യുന്ന മഴയില്‍ കോഴിക്കോട് നഗരത്തിലെ യാത്രയാണ് ഏറെ ദുസ്സഹമാകുന്നത്. മഴയില്‍ നടപ്പാതയും റോഡും ഒന്നിക്കുന്നതോടെ കാല്‍നട യാത്ര സാഹസികമാണിവിടെ. പലയിടത്തും ഓടകള്‍ തുറന്നു കിടക്കുന്നതിനാല്‍ അപകട ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ഓടയില്‍ വീണ് വീട്ടമ്മ മരണപ്പെട്ടത് ഭീതിപ്പെടുത്തുന്ന കോഴിക്കോട് നഗരത്തിന്റെ മഴക്കാല ഓര്‍മയാണ്. ഈ ഓടകളില്‍ പലതും ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണ്. ഓടകള്‍ക്കും സ്ലാബുകള്‍ക്കും മീതെ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നതും അപകടത്തിന് വഴിയൊരുക്കുന്നതാണ്. മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റില്‍ മരങ്ങള്‍ കടപുഴകി റോഡില്‍ വീഴുന്നതും ഗതാഗതം തടസ്സപ്പെടുന്നതും പതിവായിട്ടുണ്ട്. ഇന്നലെയും ജില്ലയില്‍ ചിലയിടങ്ങളില്‍ മരം കടപുഴകി വീണ് വൈദ്യുതി മുടങ്ങി.