Connect with us

Gulf

11 വര്‍ഷം തീവ്ര പരിചരണ വിഭാഗത്തില്‍; വേദനയില്ലാത്ത ലോകത്തേക്ക് ഹമൂദി യാത്രയായി

Published

|

Last Updated

ഷാര്‍ജ: പതിനൊന്ന് വര്‍ഷം ഷാര്‍ജയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. യുഎഇ സ്വദേശി ഹമൂദി എന്ന് വിളിപ്പേരുള്ള മുഹമ്മദ് അബ്ബാസ് അല്‍ മസീമാണ് കഴിഞ്ഞ ദിവസം ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ നിന്ന് വേദനകളില്ലാത്ത ലോകത്തേക്ക് പോയത്.

രണ്ട് വയസുള്ളപ്പോള്‍ ഹമൂദി, പിതാവിന്റെ കൈ പിടിച്ച് അല്‍ റമഖിയ മേഖലയിലൂടെ നടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. 11 വര്‍ഷമായി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അരുമയായി കഴിയുകയായിരുന്ന ബാലന്റെ മരണം എല്ലാവരിലും കടുത്ത ദുഃഖമുണ്ടാക്കി. വീട്ടുകാരോടൊപ്പം ആശുപത്രി അധികൃതരും ഹമൂദി എന്നായിരുന്നു കുട്ടിയെ വിളിച്ചിരുന്നത്.
തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഹമൂദി ഒന്നിലേറെ തവണ വിദേശത്ത് ശസ്ത്രക്രിയക്കും വിധേയനായിരുന്നു. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് കുട്ടി ഏറെ നാള്‍ അബോധാവസ്ഥയില്‍ കിടന്നു. പിന്നീട് ബോധം തെളിഞ്ഞെങ്കിലും നടക്കാനോ മറ്റോ സാധിച്ചിരുന്നില്ല. ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ശ്വാസോഛ്വാസം. യുഎഇ സര്‍ക്കാരിന്റെ സഹായത്തോടെ വിദേശത്ത് ചികിത്സക്ക് കൊണ്ടുപോയതടക്കം, 11 വര്‍ഷത്തിനിടെ നാല് പ്രാവശ്യം മാത്രമേ ഹമൂദി ആശുപത്രിയില്‍ നിന്ന് പുറത്ത് പോയിട്ടുള്ളൂ.
ജര്‍മനിയിലും തായ്‌ലന്‍ഡിലും ചികിത്സക്ക് ശേഷം വീണ്ടും അല്‍ ഖാസിമി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ പ്രവേശിപ്പിച്ചു. ഒരേ കിടക്കയില്‍ ഇത്രയും കാലം കിടന്നിട്ടും ബന്ധപ്പെട്ടവരുടെ അതീവ ശ്രദ്ധ കാരണം യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്ന് പിതാവ് പറഞ്ഞു.

Latest