വീട്ടുജോലിക്കുള്ള വിസാ സംവിധാനത്തില്‍ മാറ്റമില്ല

Posted on: August 6, 2014 7:59 pm | Last updated: August 6, 2014 at 7:59 pm

അബുദാബി: വീട്ടുജോലിക്ക് ആളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ 5,000 ദിര്‍ഹം കെട്ടിവെക്കണമെന്ന നിയമത്തില്‍ മാറ്റമില്ലെന്ന് താമസ-കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. വിസാ അപേക്ഷക്ക് 200 ദിര്‍ഹം നല്‍കണം. വിസ സ്റ്റാമ്പ് ചെയ്യാന്‍ ഒരു വര്‍ഷത്തേക്ക് 250 ദിര്‍ഹം വേറെ. കെട്ടിവെക്കുന്ന തുകയില്‍ 2,000 ദിര്‍ഹം തിരിച്ചുകിട്ടും. അതേസമയം, സ്വദേശികളാണ് വീട്ടുജോലിക്ക് വിസ വേണമെന്ന അപേക്ഷ നല്‍കുന്നതെങ്കില്‍ 150 ദിര്‍ഹം മതി. എന്നാല്‍ കെട്ടിവെക്കേണ്ട തുകയില്‍ ഇളവില്ല.

വിദേശികളില്‍ 6,000 ദിര്‍ഹം വരുമാനമുള്ള, കുടുംബമായി കഴിയുന്ന ആളുകള്‍ക്കാണ് വീട്ടുവേലക്ക് ആളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ യോഗ്യത. 5,000 ദിര്‍ഹവും താമസ സൗകര്യവും ഉള്ളവര്‍ക്കും സ്‌പോണ്‍സര്‍ ചെയ്യാം. ഇന്ത്യയില്‍ നിന്നാണ് വേലക്കാരിയെങ്കില്‍ 1,100 ആണ് മിനിമം വേതനം.
യു എ ഇ പുതിയ വിസ സംവിധാനം സന്ദര്‍ശകര്‍ക്കും വാണിജ്യ മേഖലയിലുള്ളവര്‍ക്കും ഏറെ ഗുണകരമാണെന്ന് പി ആര്‍ ഒ മാര്‍ അഭിപ്രായപ്പെട്ടു. സന്ദര്‍ശകവിസക്ക് നിരക്ക് കുറഞ്ഞു. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാകുന്ന വിസയും ഏര്‍പ്പെടുത്തി.
90 ദിവസത്തെ സന്ദര്‍ശക വിസ (ലോങ് ടേം വിസിറ്റ് സിംഗിള്‍ എന്‍ട്രി) നിരക്കില്‍ 460 ദിര്‍ഹമിന്റെ ഇളവാണ് ഉണ്ടായിട്ടുള്ളത്. നേരത്തേ 1,120 ദിര്‍ഹം ഫീസ്, 90 ദിര്‍ഹം ഇന്‍ഷുറന്‍സ്് ഫീസ് അടക്കം 1,210 ദിര്‍ഹമായിരുന്നു ആകെ ഫീസ്. എന്നാല്‍ പുതിയ നിരക്കു പ്രകാരം 660 ദിര്‍ഹം ഫീസ്, 90 ദിര്‍ഹം ഇന്‍ഷുറന്‍സ് ഫീസ് എന്നിങ്ങനെ 750 ദിര്‍ഹം അടച്ചാല്‍ മതി. 30 ദിവസത്തെ ഹ്രസ്വകാല സന്ദര്‍ശക വിസയ്ക്കു (ഷോര്‍ട്ട് ടേം വിസിറ്റ് സിംഗിള്‍ എന്‍ട്രി-ലെഷര്‍) നിരക്കു പകുതിയോളം കുറഞ്ഞു.
നേരത്തേ 620 ദിര്‍ഹം ഫീസ്, 40 ദിര്‍ഹം ഇന്‍ഷുറന്‍സ് ഫീസ് അടക്കം 660 ദിര്‍ഹം നല്‍കിയിരുന്നിടത്തു പുതിയ നിരക്കു പ്രകാരം 350 ദിര്‍ഹം നല്‍കിയാല്‍ മതി. 310 ദിര്‍ഹം ഫീസ്, 40 ദിര്‍ഹം ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയാണിത്. അപേക്ഷാ ടൈപ്പിംഗ് നിരക്കു കൂടിയാകുമ്പോള്‍ ഇതില്‍ നേരിയ വര്‍ധനയുണ്ടാകും.
രണ്ടു വര്‍ഷത്തെ റസിഡന്റ് വിസയ്ക്കു നേരത്തേ 200 ദിര്‍ഹം ഫീസ് (മൂന്നു വര്‍ഷത്തേക്കാണെങ്കില്‍ 300 ദിര്‍ഹം), 60 ദിര്‍ഹം അപേക്ഷാ നിരക്ക്, 10 ദിര്‍ഹം സേവന നിരക്ക് എന്നിവയടക്കം 270 ദിര്‍ഹമാണു ടൈപ്പിങ് ചാര്‍ജ് കൂടാതെ നല്‍കേണ്ടിയിരുന്നത്. പുതിയ നിരക്കനുസരിച്ച് 200 ദിര്‍ഹം ഫീസ്, 100 ദിര്‍ഹം അപേക്ഷാ നിരക്ക്, 100 ദിര്‍ഹം അടിയന്തര നിരക്ക്, 10 ദിര്‍ഹം സേവന നിരക്ക് എന്നിങ്ങനെ 410 ദിര്‍ഹം നല്‍കണം. വിസ പുതുക്കുമ്പോഴും ഇതുതന്നെയാണു നിരക്ക്.
സന്ദര്‍ശക വിസയെടുക്കുമ്പോള്‍ കെട്ടിവെക്കേണ്ട തുകയില്‍ മാറ്റമില്ല. രക്തബന്ധമുള്ളവര്‍ക്കുള്ള സന്ദര്‍ശക വിസ എടുക്കുമ്പോള്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരാകുമ്പോള്‍ 1,000 ദിര്‍ഹവും സഹോദരങ്ങളാണെങ്കില്‍ 2,000 ദിര്‍ഹവുമാണു കെട്ടിവക്കേണ്ടത്.