പോലീസുകാരനെ ആക്രമിച്ച സംഭവം: പ്രതി അറസ്റ്റില്‍

Posted on: August 6, 2014 10:26 am | Last updated: August 6, 2014 at 10:27 am

വൈത്തിരി: ബൈക്കിലെത്തി പോലീസുകാരനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി കടന്നു കളഞ്ഞ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുന്ദമംഗലം ശ്രീരാഗം വീട്ടില്‍ വിജീഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് വൈത്തിരി പോലീസ് സ്‌റ്റേഷനിലെ സി പി ഒ സവീനിനെ ബൈക്ക് കൊണ്ട് ഇടിച്ചു തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു പരുക്കേല്‍പിച്ച് രക്ഷപ്പെട്ടത്. ലക്കിടിയില്‍ വെച്ചുണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയായിരുന്നു വൈത്തിരിയില്‍ സവീന് നേരെയുണ്ടായ ആക്രമണം. മാവോയിസ്റ്റ് ഭീഷണിയുമായി ബന്ധപ്പെട്ട് ലക്കിടിയില്‍ വൈത്തിരി എ എസ് ഐ ഉമര്‍കോയയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കടന്ന് വന്ന വിജീഷിനോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം നിര്‍ത്താതെ അതിവേഗത്തില്‍ കടന്നു കളയുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജീഷിനെ പിടികൂടുന്നതിനായി സ്റ്റേഷന് മുന്നില്‍ നിന്ന സവീനിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. തോളെല്ലിനും തലക്കും സാരമായി പരുക്കേറ്റ സവീന്‍ ചേലോട്ടെ ആശുപ്രതിയില്‍ ചികിത്സയിലായിരുന്നു. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജീഷിനെ പോലീസ് പിടികൂടിയത്. കല്‍പ്പറ്റ സി ജെ എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.