കടക്കെണിയിലായവരെ സഹായിക്കാന്‍ ‘ഋണമുക്തി’ പദ്ധതി

Posted on: August 6, 2014 10:24 am | Last updated: August 6, 2014 at 10:24 am

മലപ്പുറം: സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടംവാങ്ങി ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ ‘ഋണമുക്തി’ പദ്ധതി പ്രകാരം വായ്പ അനുവദിക്കും.
ഷെഡ്യൂള്‍ഡ് ബേങ്കുകള്‍ വഴി 50000 രൂപ വരെയാണ് വായ്പ നല്‍കുക. അതത് പ്രദേശത്തെ ബേങ്ക് ശാഖകളിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്. സംസ്ഥാനതല ബേങ്കിംഗ് സമിതിയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വായ്പ അനുവദിച്ചാല്‍ തുക കടം നല്‍കിയവര്‍ക്ക് ബേങ്ക് തന്നെ തുക നല്‍കും. വായ്പയെടുക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വ്യക്തികളില്‍ നിന്ന് പണം കടം വാങ്ങിയ 18നും 60നും ഇടക്ക് പ്രായമുള്ളവര്‍ക്ക് സംസ്ഥാനത്തെ ഷെഡ്യൂള്‍ഡ് ബേങ്കുകളില്‍ ഈ വായ്പക്ക് അപേക്ഷിക്കാം. ജില്ലാ ലീഡ് ബേങ്കാണ് വായ്പ അനുവദിക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുന്നത്. ബേങ്കില്‍ നിലവില്‍ ലോണ്‍ കുടിശിക വരുത്തിയവര്‍ക്ക് വായ്പ ലഭിക്കില്ല. വായ്പക്ക് അപേക്ഷിക്കുമ്പോള്‍ കടം നല്‍കിയവരുടെ പേരും വിലാസവും രേഖപ്പെടുത്തണം. ഇയാളില്‍ നിന്നും പണം കടംവാങ്ങിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരോ അവര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അടുത്ത ബന്ധുക്കളില്‍നിന്നും വാങ്ങിയ കടം പരിഗണിക്കില്ല. വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ വായ്പ ലഭിക്കൂ.
ബേങ്കില്‍നിന്ന് നിലവില്‍ കടം വാങ്ങിയിട്ടില്ലാത്തവര്‍ക്ക് ഈ വായ്പക്ക് ഈട് നല്‍കേണ്ടതില്ല. പകരം ഏതെങ്കിലും കുടുംബാംഗം ഇതിന്റെ ബാധ്യത പങ്കുവെക്കുമെന്ന് ഒപ്പിട്ടുനല്‍കണം. അല്ലാത്തവര്‍ വായ്പയുടെ തുകക്കനുസരിച്ച് ഈട് നല്‍കണം. അഞ്ചുവര്‍ഷമാണ് വായ്പയുടെ കാലാവധി. വായ്പയെടുക്കുന്നവരുടെ വരുമാനഘടന അനുസരിച്ച് മാസത്തിലൊരിക്കല്‍ മുതല്‍ വര്‍ഷത്തിലൊരിക്കല്‍ വരെയുള്ള ഗഡുക്കളായി വായ്പ തിരിച്ചടക്കാന്‍ സൗകര്യമുണ്ടാകും.