ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നാളെ മലപ്പുറത്ത്

Posted on: August 6, 2014 10:22 am | Last updated: August 6, 2014 at 10:23 am

മലപ്പുറം: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ രണഭൂമിയായ മലപ്പുറത്ത് നാളെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും പ്രതിഷേധ സംഗമവും നടക്കും.  മനുഷ്യ ജീവന് വില കല്‍പ്പിക്കാതെയും അന്താരാഷ്ട്ര നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയും നിരാലംബരായ ഫലസ്തീന്‍ ജനതയെ നിഷ്ഠൂരമായി കൊന്നൊടുക്കുന്ന ഇസ്രായേല്‍ നരമേധത്തിനെതിരെയാണ് പ്രതിഷേധ സംഗമവും റാലിയും നടക്കുന്നത്. പിറന്ന നാട്ടില്‍ ജീവിക്കാന്‍ പടപൊരുതുന്ന ഫലസ്തീന്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യമായാണ് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടത്തുന്നത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും അഭയാര്‍ഥി ക്യാമ്പുകളും ആശുപത്രികളുമടക്കം ബോംബ് ആക്രമണങ്ങളിലൂടെ തകര്‍ത്ത് പിഞ്ചു കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല ചെയ്യുന്ന ഇസ്‌റാഈലിന് ആയുധവും സാമ്പത്തിക സഹായവും നല്‍കുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതുണ്ട്. അധിനിവേശ ശക്തികള്‍ക്ക് ഓശാന പാടുന്ന കേന്ദ്ര സര്‍ക്കാറിന്റെയും അമേരിക്കക്ക് ദാസ്യപ്പണി ചെയ്യുന്ന അറബ് രാഷ്ട്ര നേതാക്കളുടെയും നിസംഗതക്കുമെതിരെയുള്ള ശക്തമായ താക്കീതായിരിക്കും പ്രതിഷേധ സംഗമവും റാലിയും.
വംശീയ ഉത്മൂലനം നടത്തുന്നതിനായി പിഞ്ചു കുട്ടികളെ അറുകൊല ചെയ്യുന്ന ഇസ്‌റാഈലിനോടുള്ള അടങ്ങാത്ത സമരവീര്യവുമായി റാലിയിലേക്ക് ഒഴുകിയെത്താനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് സോണ്‍, ഡിവിഷന്‍, സര്‍ക്കിള്‍, യൂനിറ്റ് തല പ്രവര്‍ത്തകര്‍. ഇതിനായി പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു. വൈകുന്നേരം നാല് മണിക്ക് കിഴക്കേതല ചെത്തുപാലത്ത് നിന്ന് തുടങ്ങുന്ന റാലി കുന്നുമ്മല്‍ കലക്ടറേറ്റ് പടിക്കല്‍ സമാപിക്കും. റാലിയെ ജില്ലയിലെ സുന്നി സംഘടനാ നേതാക്കള്‍ അഭിസംബോധന ചെയ്യും.