സംസ്ഥാനത്ത്‌ മഴ തുടരുന്നു; മരണം 55 ആയി

Posted on: August 6, 2014 12:40 am | Last updated: August 6, 2014 at 7:05 am

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയുടെ ശക്തി രണ്ട് ദിവസമായി കുറഞ്ഞിരുന്നെങ്കിലും ഇന്നലെ സംസ്ഥാനത്തെ മിക്കയിടങ്ങളിലും വ്യാപകമായി മഴ ലഭിച്ചു. ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴക്കെടുതികളില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചു. ആലപ്പുഴ ചെന്നിത്തല കരിക്കാട്ടു പുത്തന്‍വീട്ടില്‍ സ്റ്റാന്‍ലിയുടെ മകന്‍ ആരോണിനും തൃശൂര്‍ പുന്നയൂര്‍കുളത്തെ അഫ്‌സലുമാണ് ഇന്നലെ മുങ്ങിമരിച്ചത്. ഇതോടെ സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇടുക്കിയില്‍ ദേവികുളം പഞ്ചായത്തിലെ കല്ലാര്‍വാലിയില്‍ പുഴയില്‍പ്പെട്ട് രണ്ട് പേരെ കാണാതായിട്ടുണ്ട്.
ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കോട്ടയം തോട്ടക്കാട് തെക്കനാടിനു സമീപം ഒഴുക്കില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ഥി, കണ്ണൂര്‍ കീഴ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട ഒന്നര വയസ്സുകാരി ദിയ, വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപം മീന്‍പിടിക്കുമ്പോള്‍ ഒഴുക്കില്‍പ്പെട്ട പിണങ്ങോട് സ്വദേശി സുഭാഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായത്. അണക്കെട്ടുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം ജില്ലകളുടെ വിവിധ മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കാന്‍ 139 കോടി രൂപ കലക്ടര്‍മാര്‍ക്ക് നല്‍കിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഓരോ ജില്ലയിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കിയത്. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.