Connect with us

Wayanad

വനിതാ ഓട്ടോ പുരുഷന്‍ ഓടിച്ചു; മന്ത്രി കൈയോടെ പിടികൂടി

Published

|

Last Updated

കല്‍പ്പറ്റ: പട്ടികവര്‍ഗ വികസന വകുപ്പ് സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ സംരംഭമായി അനുവദിച്ച വനിതാ ഓട്ടോ പുരുഷ ഡ്രൈവര്‍ ഓടിച്ചു. മന്ത്രി പി കെ ജയലക്ഷ്മി “പ്രതി”യെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പടിഞ്ഞാറത്തറ സ്വദേശിനിക്ക് അനുവദിച്ച ഓട്ടോയാണ് പുരുഷ ഡ്രൈവര്‍ ഓടിച്ച് കഴിഞ്ഞദിവസം ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നത്. മാനന്തവാടിയില്‍ ഔദ്യോഗിക പരിപാടി കഴിഞ്ഞ് കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലേക്ക് പോകുംവഴിയാണ് വാഹനം മന്ത്രി ജയലക്ഷ്മിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഓട്ടോറിക്ഷയുടെ ഉടമയായ സ്ത്രീ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിച്ചു. പടിഞ്ഞാറത്തറ എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് എത്തി വാഹനം കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച ഇവര്‍ പോലീസില്‍ ഹാജരായി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വാഹനം വിട്ടുകൊടുത്തു.
ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് മന്ത്രി താക്കീത് നല്‍കി. പട്ടികവര്‍ഗ വികസന വകുപ്പ് സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 500 സ്ത്രീകള്‍ക്കാണ് ഓട്ടോറിക്ഷ വിതരണം ചെയ്തത്. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള സ്ത്രീകളെയായിരുന്നു ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. വയനാട് ജില്ലയില്‍ ഇങ്ങനെ 116 പേര്‍ക്ക് ഓട്ടോറിക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പലയിടങ്ങളിലും വാഹനം പ്രതിദിന വാടകക്ക് കൊടുത്തും മറ്റ് ഡ്രൈവര്‍മാരെ വെച്ചും പുരുഷ ഡ്രൈവര്‍മാര്‍ ഈ വാഹനം ഓടിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എന്നാല്‍ പരാതികള്‍ ഒന്നും ലഭിക്കാത്തതിനാല്‍ മന്ത്രിക്ക് നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പടിഞ്ഞാറത്തറയില്‍വെച്ച് സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുവാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest