Connect with us

Gulf

ദുബൈ വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ഡി അടുത്ത വര്‍ഷം ആദ്യം

Published

|

Last Updated

ദുബൈ: റണ്‍വേ വികസനം പൂര്‍ത്തിയായതോടെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ദുബൈമാറിയിരിക്കുകയാണെന്ന് ദുബൈ എയര്‍പോര്‍ട്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ദുബൈ സിവില്‍ ഏവിയേഷന്റെ ദൈ്വവാരികയായ വയാ ദുബൈയുടെ പുതിയ ലക്കത്തിന്റെ ആമുഖത്തിലാണ് ശൈഖ് അഹ്മദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജൂലൈ 21ന് മുന്‍ നിശ്ചയ പ്രകാരം റണ്‍വേ വികസനം പൂര്‍ത്തിയായി. ഈദുല്‍ ഫിത്വറിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന ദൃഡനിശ്ചയം യാഥാര്‍ഥ്യമായി. കനത്ത തിരക്കാണ് ഈദ് ദിനങ്ങളില്‍ വിമാനത്താവളത്തില്‍ അനുഭവപ്പെട്ടത്. ഭീമന്‍ വിമാനങ്ങള്‍ക്ക് ഉപയുക്തമായ വിമാനത്താവളമാണിത്. ചരക്കു ഗതാഗതത്തിനും വലിയ വിമാനങ്ങള്‍ ഉപയോഗിക്കാം. 2014ല്‍ ഏഴുകോടി യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായി ദുബൈ മാറും.
പുതിയ കോണ്‍കോഴ്‌സിന്റെ നിര്‍മാണം ദ്രുതഗതിയിലാണ്. നിലവിലെ കോണ്‍കോഴ്‌സുകളുമായി ഓട്ടോമാറ്റിക് ട്രെയിനില്‍ കോണ്‍കോഴ്‌സ് ഡിയെ ബന്ധിപ്പിക്കും. അടുത്തവര്‍ഷം ആദ്യം കോണ്‍കോഴ്‌സ് ഡി ഉദ്ഘാടനം ചെയ്യും. ഓട്ടോമാറ്റഡ് ട്രെയിനിന്റെ പരിശീലന ഓട്ടം താമസിയാതെ നടക്കും.
780 കോടി ഡോളര്‍ ചെലവു ചെയ്താണ് കോണ്‍കോഴ്‌സ് ഡി നിര്‍മിക്കുന്നത്. 2020 ഓടെ പ്രതിവര്‍ഷം 10 കോടി ആളുകള്‍ ദുബൈയിലെത്തുമെന്നാണ് പ്രതീക്ഷ. ജബല്‍ അലിയിലെ മക്തൂം രാജ്യാന്തര വിമാനത്താവളവും പുരോഗതി പ്രാപിക്കുകയാണ്. 1.6 കോടി യാത്രക്കാരെ പ്രതിവര്‍ഷം ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള വിമാനത്താവളമാണത്.
2020 ഓടെ ആഭ്യന്തരോത്പാദനത്തിന്റെ 32 ശതമാനം വിമാനയാത്രക്കാര്‍ വഴിയാകുമെന്നാണ് കരുതുന്നതെന്നും ശൈഖ് അഹ്മദ് പറഞ്ഞു.
ദുബൈ വിമാനത്താവളത്തില്‍ സൂപ്പര്‍സോണിക് വിമാനങ്ങളുടെ സാന്നിധ്യം ഉടന്‍ വ്യാപകമായി ഉണ്ടാകുമെന്ന് ഇന്റര്‍നാഷനല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അധികൃതര്‍ അറിയിച്ചു.
600 സൂപ്പര്‍ സോണിക് ബിസിനസ് ജെറ്റുകളുടെ സാന്നിധ്യമാണ് ലോകമെങ്ങും ഉണ്ടാവുക. ഒരു ജെറ്റിന് 18 കോടി മുതല്‍ 30 കോടി വരെ ഡോളര്‍ ആയിരിക്കും വില.
2014 അവസാനത്തോടെ ദുബൈ വിമാനത്താവളത്തില്‍ അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഏര്‍പ്പെടുത്തും. മറുനാട്ടില്‍ നിന്ന് ദുബൈയിലേക്ക് വിമാനം കയറും മുമ്പ് യാത്രക്കാരന്റെ വിവരങ്ങള്‍ ദുബൈ വിമാനത്താവളത്തില്‍ ലഭ്യമാകുന്ന സംവിധാനമാണിത്.