‘അറിയപ്പെടാത്ത വീരാംഗനമാര്‍’; അര്‍ഹതയുടെ ആദരവുമായി കുടുംബശ്രീയെത്തുന്നു

Posted on: August 4, 2014 10:56 am | Last updated: August 4, 2014 at 10:56 am

kudumbasree photo-knrതിരുവനന്തപുരം: കാഞ്ചന്‍ജംഗ കൊടുമുടി കയറിയ ആദ്യ കേരള വനിതയാണ് ചിന്നമ്മ ടീച്ചര്‍. ഇന്നും പലര്‍ക്കും ഇതറിയില്ലെന്ന് മാത്രം. എണ്‍പതാം വയസിലെത്തിയ ചിന്നമ്മടീച്ചര്‍ക്ക് ഇതില്‍ ഏറെ വിഷമവും ഉണ്ട്. ചിന്നമ്മ ടീച്ചറെ പോലെ സമൂഹത്തില്‍ അറിയപ്പെടാനും ചരിത്രത്തില്‍ ഇടം നേടാനും അര്‍ഹതയുള്ളവരെ സമൂഹത്തിന് പരിചയപ്പെടുത്താനും ആദരിക്കാനുമൊരുങ്ങുകയാണ് കുടുംബശ്രീ.

അറിയപ്പെടാത്ത വീരാംഗനമാര്‍ എന്ന് പേരു നല്‍കിയാണ് കുടുംബശ്രീയുടെ വാര്‍ഷികാഘോഷവേളയില്‍ ഇവര്‍ക്ക് ആദരം നല്‍കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെക്കുറിച്ച് ഒരു പുസ്തകവും കുടുംബശ്രീ പുറത്തിറക്കുന്നുണ്ട്. സമൂഹത്തില്‍ നില നിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയവരാണ് ഇവരിലധികവും.
1962 മെയ് 15നാണ് ടെന്‍സിംഗ് നോര്‍ഗയുടെ നേതൃത്വത്തില്‍ ചിന്നമ്മ ടീച്ചര്‍ കൊടുമുടി കീഴടക്കിയത്. അധ്യാപകനായ പിതാവിന്റെ പിന്തുണയുണ്ടായിരുന്നു. തനിച്ച് യാത്ര ചെയ്താണ് അന്ന് ചിന്നമ്മ ടീച്ചര്‍ ഡാര്‍ജിലിംഗില്‍ എത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കൊപ്പം കേരളത്തെ പ്രതിനിധീകരിച്ച് ചിന്നമ്മ ടീച്ചറും കാഞ്ചന്‍ജംഗയുടെ നെറുകയിലെത്തുകയായിരുന്നു.
എറണാകുളം വേങ്ങൂര്‍ പഞ്ചായത്തില്‍ നിന്നും കുടുംബശ്രീ സി ഡി എസുകള്‍ കണ്ടെത്തിയ കെ കുട്ടി കുടികിടപ്പ് അവകാശങ്ങള്‍ക്കുവേണ്ടി 1969 കാലഘട്ടത്തില്‍ പോരാടിയ സ്ത്രീയാണ്. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹാനന്തരം കുടുംബസ്വത്തില്‍ അവകാശം നല്‍കാതിരിക്കുക, ത്വലാക്ക് ചെയ്ത മുസ്‌ലിം സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കുക തുടങ്ങിയവക്കെതിരെ കെ കുട്ടി ശക്തമായി പോരാടി. ലൈംഗിക പീഡനത്തിന് ഇരയാകുന്ന ഇരകള്‍ കോടതിയില്‍ തെളിവു നല്‍കണമെന്ന നിയമത്തിനെതിരേയും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇവര്‍ വിവാഹം പോലും വേണ്ടെന്നുവച്ചാണ് ജീവിതം സമൂഹ നന്മക്കായി ഉഴിഞ്ഞു വെച്ചത്.
തൃശൂര്‍ വെള്ള റോട്ടില്‍ മീനാക്ഷി അക്കാലത്ത് പ്രാദേശികമായി നടന്ന ഒരു മാറു മറക്കല്‍ സമരത്തിനു തന്നെ നേതൃത്വം നല്‍കിയ വനിതയാണ്. തൃശൂര്‍ വേലൂര്‍ മണിമലക്കാവില്‍ അമ്പലത്തില്‍ ഉത്സവത്തിന് സ്ത്രീകള്‍ അര്‍ധ നഗ്നരായി എത്തണമെന്ന ഒരു ചടങ്ങ് നിലനിന്നിരുന്നു. മീനാക്ഷിയുടെ നേതൃത്വത്തില്‍ അന്നു നടന്ന പ്രതിക്ഷേധത്തെ തുടര്‍ന്നാണ്ഈ ദുരാചാരം അവസാനിപ്പിച്ചത്.
എയിഡ്‌സ് രോഗം ബാധിച്ചവരെ സമൂഹം ആട്ടിപ്പായിച്ചിരുന്ന കാലഘട്ടത്തിലാണ് കാസര്‍കോട് സ്വദേശിനി രത്‌നമാല എയിഡ്‌സ് രോഗികള്‍ക്കായി പ്രവര്‍ത്തനമാരംഭിച്ചത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സര്‍വേയുടെ വോളന്റിയറായാണ് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് എയിഡ്‌സ് ബാധിച്ചവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു. പിന്നീട് എയിഡ്‌സ് രോഗികള്‍ക്കായി സംഘടന രൂപീകരിക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.
ചാരായത്തിനെതിരെ പോരാടിയ മലപ്പുറം ജില്ലക്കാരി ഖദീജ, ജോലി ചെയ്യുന്നതിന് ശരിയായ കൂലി വേണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയ പാലക്കാട് സ്വദേശിനി ദേവു, ആലപ്പുഴ രാമങ്കരി സ്വദേശിനി കുഞ്ഞമ്മ എന്നിങ്ങനെ മുപ്പതോളം പേരെയാണ് കുടുംബശ്രീ ആദരിക്കുന്നത്.