ഐ എച്ച് ആര്‍ ഡി ശമ്പള പരിഷ്‌കരണം നിഷേധിച്ചു; അരുണ്‍കുമാര്‍ ജോലി തേടി വിദേശത്തേക്ക്

Posted on: August 4, 2014 1:49 am | Last updated: August 4, 2014 at 10:49 am

Arun-Kumar-തിരുവനന്തപുരം: ഐ എച്ച് ആര്‍ ഡി ശമ്പള പരിഷ്‌കരണം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകനും ഐ എച്ച് ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടറുമായ വി എ അരുണ്‍കുമാര്‍ ജോലി തേടി വിദേശത്തേക്ക് പോയി. ഐ എച്ച് ആര്‍ ഡിയില്‍ നിന്ന് കഴിഞ്ഞ രണ്ടുമാസമായി അവധിയിലായിരുന്ന അരുണ്‍ ദീര്‍ഘകാല അവധി എടുത്താണ് ദുബൈയിലേക്ക് പോയത്.
ഇന്നലെ രാവിലെ 11ന് തിരുവനന്തപുരത്തുനിന്നുളള ദുബൈ വിമാനത്തിലായിരുന്നു അരുണിന്റെ യാത്ര. ഐ എച്ച് ആര്‍ ഡിയില്‍ കഴിഞ്ഞമൂന്ന് വര്‍ഷമായി ശമ്പള പരിഷ്‌കരണമോ ഇന്‍ക്രിമെന്റോ ലഭിക്കാത്തതു കാരണമാണ് അവധിയെടുത്ത് വിദേശത്തേക്ക് പോവുന്നതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
ആകെയുളള 300 ജീവനക്കാരില്‍ 299 പേര്‍ക്കും ശമ്പളപരിഷ്‌കരണം ലഭിച്ചപ്പോള്‍ കേസിന്റെയും അന്വേഷണത്തിന്റെയും പേരില്‍ തനിക്ക് ഇത് നിഷേധിച്ചതായും അരുണ്‍കുമാര്‍ പരാതിപ്പെടുന്നു. അനധികൃതമായി പ്രൊമോഷന്‍ നല്‍കിയെന്നത് അടക്കമുളള ആക്ഷേപങ്ങളെപ്പറ്റി അന്വേഷണം നടന്നെങ്കിലും ഇതുവരെ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. ഐ എച്ച് ആര്‍ ഡിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തന്നെ പങ്കെടുപ്പിക്കാറില്ലായിരുന്നുവെന്നും അരുണ്‍കുമാര്‍ കുറ്റപ്പെടുത്തുന്നു. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുളള വി എ അരുണ്‍കുമാര്‍ അടുത്തിടെ പി എച്ച് ഡിയും നേടിയിരുന്നു. ജോലിക്കൊപ്പം പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനും കൂടിയാണ് അരുണ്‍കുമാര്‍ ദുബൈയിലേക്ക് പോവുന്നത്.
നേരത്തേ, ഐ എച്ച് ആര്‍ ഡി ഡയറക്ടറായുള്ള നിയമനത്തില്‍ ക്രമക്കേട്, അനധികൃത സ്വത്ത് സമ്പാദനം, അനധികൃത വിദേശയാത്ര തുടങ്ങി 11 ക്രമക്കേടുകള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവായിരിക്കേ ഉമ്മന്‍ചാണ്ടി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പരാതി നല്‍കിയിരുന്നു.
ഇത് അച്യുതാനന്ദന്‍ ലോകായുക്തയ്ക്കു കൈമാറി. ലോകായുക്തയുടെ പരിധിയില്‍ വരാത്തതിനാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ശേഷം അന്വേഷണം വിജിലന്‍സിനു കൈമാറുകയായിരുന്നു.
തുടര്‍ന്ന് നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ചട്ടലംഘനം നടത്തിയെന്നും നിയമനത്തിനാവശ്യമായ പ്രവൃത്തി പരിചയം ഇല്ലാതിരുന്ന അരുണ്‍ ഹാജരാക്കിയത് വ്യാജസര്‍ട്ടിഫിക്കറ്റുകളാണെന്നും വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു. വി ഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ സബ്ജറ്റ് കമ്മറ്റി ആരോപണങ്ങള്‍ അന്വേഷിക്കുകയും നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.