ജഡ്ജിയുടെ ഭഗവത്ഗീതാ പരാമര്‍ശം: മതേതരത്വത്തിനും ഭരണഘടനക്കും ഭീഷണിയെന്ന് ജസ്റ്റിസ് കട്ജു

Posted on: August 4, 2014 1:31 am | Last updated: August 4, 2014 at 10:32 am

JusticeKatjuന്യൂഡല്‍ഹി: താന്‍ ഭരണാധികാരിയായിരുന്നുവെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ ഭഗവത്ഗീതയും മഹാഭാരതവും പഠിപ്പിക്കാന്‍ ഉത്തരവിടുമായിരുന്നുവെന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ ആര്‍ ദാവേയുടെ പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇത്തരം ആശയങ്ങള്‍ രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണഘടനക്കും ഭീഷണിയാണെന്നും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് കട്ജു പറഞ്ഞു.
സ്‌കൂളുകളില്‍ മഹാഭാരതവും ഗീതയും നിര്‍ബന്ധിത പാഠ്യ വിഷയമാക്കണമെന്ന അഭിപ്രായത്തോട് ഒരു നിലക്കും യോജിക്കാനാകില്ല. ഇന്ത്യയെപ്പോലെ വൈവിധ്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ അനുവദിക്കാനാകില്ല. അത് മതേതര പാരമ്പര്യത്തിനും ഭരണഘടനക്കും എതിരാണ്- സുപ്രീം കോടതി മുന്‍ ന്യായാധിപനായ കട്ജു പ്രസ്താവനയില്‍ വ്യക്തമാക്കി. മുസ്‌ലിംകളും ക്രിസ്ത്യാനികളും അവരുടെ കുട്ടികള്‍ നിര്‍ബന്ധമായും ഗീതയും മഹാഭാരതവും പഠിക്കണമെന്ന് ആഗ്രഹിക്കില്ല. ചിലര്‍ പറയുന്നത് ഈ ഗ്രന്ഥങ്ങള്‍ക്ക് മതവുമായി ബന്ധമില്ല, ധാര്‍മികത പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്. എന്നാല്‍ ഏത് മതവിഭാഗത്തിനും അവരുടെ ഗ്രന്ഥങ്ങളെ കുറിച്ച് ഈ അവകാശവാദം നടത്താവുന്നതാണ്. അങ്ങനെ വന്നാല്‍ നമ്മുടെ ഐക്യം തകരുകയല്ലേ ഉണ്ടാകുകയെന്ന് കട്ജു ചോദിക്കുന്നു.
താന്‍ രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ കുട്ടികളെ ഭഗവത് ഗീത പഠിപ്പിക്കാന്‍ ഉത്തരവിടുമായിരുന്നുവെന്നാണ് സുപ്രീം കോടതി ജഡ്ജ് എ ആര്‍ ദാവേ കഴിഞ്ഞ ദിവസം പറഞ്ഞത്. ‘ഗുരുശിഷ്യ പരമ്പര പോലുള്ള നമ്മുടെ പഴയ പാരമ്പര്യങ്ങള്‍ നഷ്ടപ്പെട്ടുപോയി. ആ പാരമ്പര്യങ്ങള്‍ ഇന്നും ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് കാണുന്ന അക്രമവും തീവ്രവാദവുമൊന്നും നിലനില്‍ക്കില്ലായിരുന്നു. കുട്ടികളെ ചെറുപ്പത്തിലേ ഭഗവത്ഗീതയും മഹാഭാരതവുമൊക്കെ പഠിപ്പിക്കുകയെന്നത് മാത്രമാണ് ഇതിന് പരിഹാരം. എന്നാല്‍ മതേതരവാദികള്‍ അത് അനുവദിക്കില്ല. രാജ്യത്ത് സ്വേച്ഛാധിപത്യം നിലനില്‍ക്കുകയും ഞാന്‍ അതിന്റെ നേതൃസ്ഥാനം വഹിക്കുകയും ചെയ്താല്‍ അത്തരത്തിലുള്ള പാഠ്യ പദ്ധതി നടപ്പാക്കും, ജസ്റ്റിസ് ദാവേ പറഞ്ഞു. ആഗോളവത്കരണ കാലത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ അഹമ്മദാബാദില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.