തിരൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: August 4, 2014 11:20 am | Last updated: August 5, 2014 at 7:13 am

Maicha muhammed rahees

തിരൂര്‍: വയലില്‍ കാര്‍ കഴുകാനിറങ്ങിയ സഹോദരങ്ങളടക്കം ഒഴുക്കില്‍പ്പെട്ടു കാണാതായ മൂന്ന് വിദ്യാര്‍ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. തിരൂര്‍ കിഴക്കെ ചെമ്പ്ര കുരിക്കള്‍പടി നടക്കാവ് ഇസ്മാഈലിന്റെ മക്കളായ മുഹമ്മദ് റഹീസ് (14), റനീസ് (12), ഇസ്മാഈലിന്റെ സഹോദരന്‍ ജലീലിന്റെ മകന്‍ അജ്മല്‍ (14) എന്നിവരാണ് തിരൂര്‍ പുഴയില്‍ കണ്ടനാത്ത് കടവ് പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ റഹീസിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മറ്റു രണ്ടു പേരുടേതും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. പൊതുദര്‍ശനത്തിനു ശേഷം ഇന്ന് ഉച്ചക്ക് ശേഷം ഖബറടക്കം നടക്കും.
പിതൃ സഹോദരന്‍ റസാഖിന്റെ കൂടെ കാര്‍ കഴുകാനാണ് കുട്ടികള്‍ വയലില്‍ എത്തിയത്. കനത്ത മഴയെ തുടര്‍ന്ന് വയലും പുഴയും ഒന്നായി കിടിന്നിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി.
റഹീസും അജ്മലും എടരിക്കോട് പി കെ എം എച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും റനീസ് ചെമ്പ്ര എ യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.